ചെന്നൈ: തമിഴ് നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിലെ ലയനചർച്ച എങ്ങുമെത്തിയില്ല. അനുരഞ്ജനത്തിനു സമയമായെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമിവിഭാഗം പറയുമ്പോള്‍ മുൻ നിലപാടുകളിൽ മാറ്റമില്ലെന്നാണ് പനീർശെൽവം വിഭാഗത്തിന്റെ മറുപടി.
പനീർശെൽവം വിഭാഗം ചർച്ചകൾക്കു സന്നദ്ധത കാട്ടുന്നില്ലെന്നും പളനിസ്വാമിയും കൂട്ടരും ആരോപിക്കുന്നു. എന്നാൽ, ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്നാണു പനീർശെൽവത്തിന്റെ നിലപാട്.
ചർച്ചകൾ പുനഃരാരംഭിക്കുന്നതിനു സമയമായെന്നു ധനമന്ത്രി ഡി.ജയകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ, ചർച്ചകൾക്കു മറുവിഭാഗം വിസമ്മതം കാണിക്കുകയാണെന്നും ചർച്ച സുതാര്യമായിരിക്കണമെന്നാണു തങ്ങളുടെ നിലപാടെന്നും ജയകുമാർ പറഞ്ഞു.
ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ തീരുമാനമായാൽ ചർച്ചകൾക്കു സന്നദ്ധമാണെന്നും പനീർശെൽവത്തിന്റെ അടുത്ത അനുയായിയും രാജ്യസഭാംഗവുമായ വി. മൈത്രേയൻ പറഞ്ഞു.
ലയന ചർച്ചകൾക്കായി രണ്ടു വിഭാഗവും ഏഴംഗ കമ്മിറ്റി രൂപീകരിച്ചിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ല.