ഇടത് എം.എൽ.എ അൻവറിനെ ട്രോളി തമിഴകം, നാണംകെട്ടത് കേരളം

തിരുവനന്തപുരം: ജപ്പാനില്‍ മഴപെയ്യുന്നത് സംബന്ധിച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ വിടുവായത്തം ട്രോളാക്കി ആഘോഷിച്ച് തമിഴ് മാധ്യമങ്ങളും.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെ തമിഴ്‌നാട്ടിലും വ്യാപകമായി ട്രോളുന്നതും ഇതാദ്യമാണ്.

കക്കാടംപൊയിലില്‍ അന്‍വര്‍ എം.എല്‍.എയുടെയും രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെയും ഉടമസ്ഥതയിലുള്ള വാട്ടര്‍തീം പാര്‍ക്ക് നിയമംലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വാര്‍ത്ത വന്നതോടെ അതിനെ പ്രതിരോധിക്കാന്‍ എം.എല്‍.എ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനമാണ് അബദ്ധ പഞ്ചാംഗമായത്.

ഇവിടെയുള്ള ജലാശയങ്ങളിലെ വെള്ളം നീരാവിയായി അവ കാര്‍മേഘമായി ജപ്പാനിലെത്തിയാണ് അവിടെ മഴപെയ്യുന്നതെന്നായിരുന്നു എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.


പശ്ചിമഘട്ടമേഖലയില്‍ വനവ്യാപ്തി വര്‍ധിക്കേണ്ടത് ജപ്പാന്‍ സര്‍ക്കാരിന്റെ ആവശ്യമാണെന്നും അതിനായി ജപ്പാനിന്റെ പണം പറ്റി പ്രവര്‍ത്തിക്കുന്നവരാണ് പരിസ്ഥിതി വാദികളെന്ന വിചിത്ര വാദവും എം.എല്‍.എ ഉയര്‍ത്തി. പത്രസമ്മേളനത്തില്‍ എം.എല്‍.എ പൊട്ടിക്കരയുകയും ചെയ്തു.

എം.എല്‍.എയുടെ ജപ്പാന്‍ മഴ സിദ്ധാന്തം കേരളത്തില്‍ വ്യാപകമായ ട്രോളിന് ഇടയാക്കിയിരുന്നു. പ്രമുഖ വാര്‍ത്താചാനലുകളെല്ലാം അവരുടെ ആക്ഷേപഹാസ്യപരിപാടിയില്‍ എം.എല്‍.എയ കണക്കിനു കളിയാക്കി. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്രമുഖ പത്രമായ ദിനമലരാണ് അവരുടെ വെബ് സൈറ്റില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ കണക്കിനു കളിയാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പല തമിഴ്ചാനലുകളും പ്രാധാന്യത്തോടെ തന്നെ ജപ്പാന്‍ മഴ സിദ്ധാന്തം വാര്‍ത്തയാക്കിയിരുന്നു. സി.പി.എം സ്വതന്ത്ര എം.എല്‍.എയുടെ വിടുവായത്തം പാര്‍ട്ടി നേതൃത്വത്തെയും നാണംകെടുത്തിയിരിക്കുകയാണിപ്പോള്‍.

Top