ചെന്നൈ: തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി.
പൊലീസിന് ഇതിനാവശ്യമായ നിര്‍ദേശം ഉടനെ നല്‍കുമെന്നും പളനിസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.
ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പളനിസ്വാമിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ച.
ചിട്ടിക്കമ്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും.
മക്കളുടെ വിവാഹം, പഠനം, ചികിത്സ, വീട് നിര്‍മ്മാണം മുതലായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ചെറിയ സമ്പാദ്യമുണ്ടാക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകളാണ് വഞ്ചിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പളനിസ്വാമിയോട് പറഞ്ഞു.
ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപ നിര്‍മ്മല്‍ കൃഷ്ണ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പരാതി. സംഭവം നടന്നത് കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പൊലീസിന് പരിമിതികള്‍ ഉണ്ട്.
അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തേണ്ടതാണ്. മാത്രമല്ല, കേരള പൊലീസ് ശേഖരിച്ച രേഖകളും തെളിവുകളും കന്യാകുമാരിയിലെ കേസിന്റെ ഭാഗമാക്കുകയും വേണം.
അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിനെ ഫലപ്രദമായി സഹായിക്കാന്‍ കേരള പൊലീസിന് കഴിയും. അതിനാല്‍, അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പൊലീസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും നിര്‍ദേശിച്ചു.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്‌നാട് പൊലീസിന് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് പളനിസ്വാമി പിണറായി വിജയന് ഉറപ്പു നല്‍കി.
കൂടിക്കാഴ്ചയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നദീജലം പങ്കിടുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളും ഉന്നയിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ല ബന്ധം മുമ്പോട്ടു കൊണ്ടുപോകുന്നതിനും ചീഫ് സെക്രട്ടറിമാരുടെ തലത്തില്‍ ചര്‍ച്ച നടത്താമെന്നും ധാരണയായി.
ആവശ്യമെങ്കില്‍ മാത്രം മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുവാനും തീരുമാനിച്ചു..