TamilNadu CM Jayalalitha passed away

ചെന്നൈ: ഒടുവില്‍ തമിഴകത്തെ കണ്ണീരിലാഴ്ത്തി ആ വാര്‍ത്ത . ജയലളിത അന്തരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ഹൃദയം പൂര്‍ണ്ണമായും നിശ്ചലമായതായാണ് പുറത്ത് വരുന്ന വിവരം.

ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിച്ചിരുന്നത് യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു.

ലണ്ടനിലെ പ്രശസ്ത ഡോക്ടറായ ജോണ്‍ റിച്ചാര്‍ഡിന്റെ സഹായത്തോടെ ജയയുടെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങളും നടത്തിവരികയായിരുന്നു.

‘അമ്മ’ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ തെരുവിലേക്കൊഴുകുകയാണ്.വൈകാരികമായി പ്രതികരിക്കുന്ന തമിഴകത്തിന്റെ പാരമ്പര്യം കണക്കിലെടുത്ത് കേന്ദ്രസേനയെയടക്കം വിന്യസിച്ചതിന് ശേഷമാണ് മരണവാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ജനങ്ങളുടെ പ്രതികരണം എങ്ങിനെയായിരിക്കുമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ആശങ്കയിലാണ്.

ചാനലുകള്‍ വിവരം പുറത്ത് വിട്ടപ്പോള്‍ തന്നെ അക്രമാസക്തരായി ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.

തമിഴകത്തെ ഏറ്റവുമധികം ജനസ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ജയലളിതയെന്നതിനാല്‍ സംഘര്‍ഷം വ്യാപകമാവുമെന്നാണ് പരക്കെ ആശങ്ക.

നിലവില്‍ ജയലളിത സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളെ അവരിലേക്ക് ആകര്‍ഷിച്ച് കഴിഞ്ഞിട്ടുണ്ട്.
സ്വന്തം താലിമാലയുടെ ലോക്കറ്റില്‍ ജയലളിതയുടെ പടം വെച്ച് ആരാധിക്കുന്ന നിരവധി സ്ത്രീകള്‍ പോലുമുണ്ട് തമിഴകത്ത്. അവര്‍ക്കെല്ലാം കാണപ്പെട്ട ദൈവമാണ് പുരട്ചി തലൈവിയെന്ന ജയലളിത.

അഴിമതിക്കേസില്‍ ജയിലിലടക്കപ്പെട്ടിട്ടും ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നും അന്തിമ വിധി കാത്ത് കഴിയുമ്പോഴും തമിഴകം ജയലളിതയെ കൈവിട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളുമായി വളരെ അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്.

താന്‍ അവരെ ബഹുമാനിക്കുന്നുവെന്നും ഇഷ്ടപ്പെട്ടിരുന്നുവെന്നും മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു തുറന്ന് പറഞ്ഞതും അടുത്തയിടെയാണ്.

സെപ്തംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും മുന്‍നിര്‍ത്തി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആരോഗ്യനില വഷളായത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആശുപത്രി അധികൃതര്‍ ജയലളിതയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകളും പൂജകളും നടന്ന് വരികയായിരുന്നു.

മരണവാര്‍ത്ത പുറത്തായതോടെ ചെന്നൈ അപ്പോളോ ആശുപത്രി പരിസരം കനത്ത സുരക്ഷയിലാണ്. ആശുപത്രിയിലേക്ക് കൂടുതല്‍ ആളുകളെ കടത്തിവിടുന്നില്ല. അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡുകള്‍ ഇതിനോടകം പൊലീസ് അടച്ചുകഴിഞ്ഞു. ഈ പരിസരത്തേക്ക് മറ്റ് വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല.

വിവരമറിഞ്ഞ് ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുന്ന എ.ഐ.ഡി.എം.കെ പ്രവര്‍ത്തകരെ എങ്ങനെ നിയന്ത്രിക്കുമെന്ന് അറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് പൊലീസ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമായി ഒന്‍പത് കമ്പനി കേന്ദ്രസേനയെയാണ് പലഭാഗത്തായി ഇവിടെ വിന്യസിച്ചിരിക്കുന്നത്.

ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാറായിരിക്കാന്‍ പൊലീസിന് തമിഴ്‌നാട് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മരണവാര്‍ത്ത പുറത്ത് വന്നയുടന്‍ പല സ്ഥലത്ത് നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലും കര്‍ണ്ണാടകയിലും ആന്ധ്രയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട എല്ലാ കെ.എസ്.അര്‍.ടി.സി ബസുകളും തിരിച്ചുവിളിച്ചു കഴിഞ്ഞു. ശബരിമലയടക്കമുള്ളിടത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top