ചെന്നൈ: എഐഎഡിഎംകെയിലെ അനിശ്ചിതത്വത്തിനിടെ തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വവും അറിയിച്ചു.
പാര്‍ട്ടിയിലെ 134 എംഎല്‍എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണക്കുമെന്നാണ് പനീര്‍ശെല്‍വം പ്രതീക്ഷിക്കുന്നത്. മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുതിര്‍ന്ന് രാജ്യസഭാംഗം ഡോ.വി മൈത്രേയന്‍ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രമുഖ നേതാക്കള്‍.
കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറാതിരിക്കാന്‍ ശശികല അവരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ ഇന്ന് ശശികലക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാരുമായി രാഷ്ട്രപതിയെ കാണാനാണ് എഐഡിഎംകെയുടെ നീക്കം.