ചെന്നൈ: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട എഎസ്‌ഐ വില്‍സന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍.കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
വിന്‍സെന്റിനെ വെടിവെയ്ക്കും മുന്‍പ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ കുത്തേറ്റ പാടുകളുണ്ട്. നാല് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചു കയറിയെന്നും മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരു വെടിയുണ്ട വയറ്റിലുമാണ് തുളച്ചുകയറിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം. ഷമീമും തൗഫീക്കും പ്രതികളായ കൊലാപതക കേസുകളിലെ കൂട്ടുപ്രതികളെയും സഹതടവുകാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. കൊലപാതകകേസിലടക്കം പ്രതികളായതോടെ അബ്ദുള്‍ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.