തമിഴ്നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങള്‍ക്കൊപ്പം നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് എടപ്പാടി പളനി സാമി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരക്കാരായിരുന്ന ജയലളിതയും കലൈഞ്ജര്‍ കരുണാനിധിയുമില്ലാത്ത തെരഞ്ഞെടുപ്പില്‍ തമിഴകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ആരെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
എ.ഐ.എ.ഡി.എം.കെ മുന്നണിയും ഡി.എം.കെ മുന്നണിയും സിനിമാതാരം കമല്‍ഹാസന്റെ മക്കള്‍നീതി മയ്യവും ദിനകരന്റെ എ.എം.എം.കെയും പലമണ്ഡലങ്ങളിലും വിധി നിര്‍ണയിക്കാവുന്ന ശക്തികളാണ്.
ബി.ജെ.പി അടക്കമുള്ള എട്ടു കക്ഷികളുടെ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റിനൊപ്പം തമിഴ്‌നാട് ഭരണം നിലനിര്‍ത്തേണ്ട ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കേണ്ടതും ജീവന്‍മരണ പോരാട്ടമാണ്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‌ലിം ലീഗുമടക്കം ഒമ്പത് പാര്‍ട്ടികളുളള ഡി.എം.കെ സഖ്യത്തിന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് തമിഴ്‌നാട് ഭരണം പിടിക്കാനും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ഭരണപങ്കാളിത്തം ഉറപ്പിക്കാനും വിജയം അനിവാര്യമാണ്.
തമിഴ്‌നാട്ടില്‍ രണ്ട് ഘട്ടങ്ങളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 18 മണ്ഡലങ്ങളില്‍ ഏപ്രില്‍ 18നും നാല് മണ്ഡലങ്ങളില്‍ മെയ് 19തിനുമാണ് ഉപതെരഞ്ഞെടുപ്പ്.
ഇതില്‍ 21 മണ്ഡലങ്ങളും എ.ഐ.എ.ഡി.എം.കെയുടെ സിറ്റിങ് സീറ്റാണ്. 10 സീറ്റിലെങ്കിലും വിജയിക്കാതെ എടപ്പാടി സര്‍ക്കാരിന് അധികാരം നിലനിര്‍ത്താനാവില്ല. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 118 എം.എല്‍.എമാരുടെ പിന്തുണയാണ്.
സ്പീക്കര്‍ അടക്കം 108 പേരുടെ പിന്തുണയാണ് ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടിക്കുള്ളത്. അതേസമയം, 22 മണ്ഡലങ്ങളിലും വിജയിക്കാനായാല്‍ ഡി.എം.കെക്ക് സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാകും.
നിലവില്‍ 88 എം.എല്‍.എമാരാണ് ഡി.എം.കെക്കുള്ളത്. 22 സീറ്റിലും വിജയിച്ചാല്‍ അംഗസംഖ്യ 110 ആയി ഉയരും എട്ട് എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന്റെയും ഒരു എം.എല്‍.എയുള്ള മുസ്‌ലിം ലീഗിന്റെയും പിന്തുണ ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷം നേടി ഭരണം പിടിക്കാന്‍ കഴിയും.
ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ രംഗത്തുള്ളതിനാല്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.ഐ.എ.ഡി.എം.കെ വോട്ടുകള്‍ ഭിന്നിക്കുന്നത് വിജയം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ.
കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധവികാരം ഉയര്‍ത്തിയാണ് ഡി.എം.കെ മുന്നണിയുടെ പ്രചരണം. എ.ഐ.എ.ഡി.എം.കെ മുന്നണിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ആറു തവണയാണ് തമിഴ്‌നാട്ടില്‍ പ്രചരണത്തിനെത്തിയത്. ഡി.എം.കെ മുന്നണിക്കായി രാഹുല്‍ഗാന്ധിയും തമിഴ്‌നാട്ടില്‍ പ്രചരണരംഗത്ത് സജീവമാണ്.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെയും ഇളയദളപതി വിജയ്‌യുടെയും നിലപാടുകള്‍ തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ്. രജനിയുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് എ.ഐ.എ.ഡി.എം.കെയും വിജയ്‌യുടെ പിന്തുണ തങ്ങള്‍ക്കെന്ന് ഡി.എം.കെ-കോണ്‍ഗ്രസ് മുന്നണിയും അവകാശപ്പെടുന്നുണ്ട്.