tamilnadu political system change

ചെന്നൈ;ജെല്ലിക്കെട്ടിന്റെ പേരില്‍ തമിഴകത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കണ്ട് അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാട് ഭരണം കുത്തകയാക്കി വച്ച ദ്രാവിഡ പാര്‍ട്ടികള്‍ക്കുള്ള വലിയ മുന്നറിയിപ്പ് കൂടിയാണ് ഇപ്പോള്‍ നടക്കുന്ന സമരം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഹ്വാനം ചെയ്യാതെ തന്നെ തമിഴകത്തെയാകെ പ്രക്ഷോഭത്തിലിറക്കാന്‍ അസംഘടിതരായി എത്തി പിന്നീട് സംഘടിത രൂപം പ്രാപിച്ച പ്രക്ഷോഭത്തിനായി എന്നതാണ് യാഥാര്‍ത്ഥ്യം.ഇത് തമിഴകത്ത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ വഴിയൊരുക്കുന്നതാണ്.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ കടുത്ത പ്രതിസന്ധി നേരിടുന്ന സര്‍ക്കാറിനും അണ്ണാ ഡിഎംകെക്കും ജെല്ലിക്കെട്ട് പ്രക്ഷോഭം നിലനില്‍പ്പിന് തന്നെ വെല്ലുവിളിയായി മാറി കഴിഞ്ഞു.ജയലളിതയുടെ സഹോദരി പുത്രിക്കൊപ്പം അണികള്‍ കൂട്ടത്തോടെ ഒഴുകുന്ന പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ അന്തം വിട്ട് നില്‍ക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെയും ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിനും ശശികലക്കുമെതിരെയാണ് പ്രതിഷേധക്കാര്‍ തിരിഞ്ഞിരിക്കുന്നത്.

മധുരയില്‍ ജെല്ലിക്കെട്ട് നടത്തിക്കാന്‍ പോയ മുഖ്യമന്ത്രിക്ക് നാണം കെട്ട് തിരിച്ച് പോരേണ്ടി വന്നത് ദേശീയ തലത്തില്‍ തന്നെ പനീര്‍ശെല്‍വത്തിന് വലിയ തിരിച്ചടിയാണ്. പ്രക്ഷോഭത്തില്‍ നിന്ന് മുതലെടുക്കാന്‍ രംഗത്തിറങ്ങിയ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെയും സമരക്കാര്‍ അടുപ്പിച്ചിട്ടില്ല.

പഠിപ്പ് മുടക്കി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പം ചേര്‍ന്ന യുവാക്കളുമാണ് സര്‍ക്കാറിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ചത്. ഇവരെ പിന്തുണച്ച് സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളുമെല്ലാം മറീനാ ബീച്ചിലും മധുരയിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങിയതിന് പിന്നില്‍ ജെല്ലിക്കട്ട് പ്രശ്‌നം മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.ജെല്ലിക്കെട്ട് ഒരു കാരണം മാത്രമാണെന്നും ജയലളിതയുടെ മരണവും കരുണാനിധിയുടെ ആരോഗ്യ നിലയിലുമൊക്കെ ആശങ്കയുള്ള തമിഴകത്തെ നല്ലൊരു വിഭാഗം പുതിയ ഒരു രാഷ്ട്രീയ നേതൃത്വത്തെയാണ് ആഗ്രഹിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഡി എം കെ നേതാവ് എം കെ സ്റ്റാലിനെ പോലും അംഗീകരിക്കാന്‍ സമരരംഗത്തുള്ളവര്‍ തയ്യാറല്ല.

ജയലളിതയുടെ സഹോദരി പുത്രി ദീപയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഇവിടെയാണ്. ന്യൂ ജനറേഷന്റെ പ്രതിനിധിയാണെന്നതും ജയലളിതയുടെ സഹോദര പുത്രിയാണെന്നതും അവര്‍ക്ക് മെറിറ്റാണ്. രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ദീപ അടുത്ത മാസം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്.പുതിയ സാഹചര്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, നടന്‍ വിജയ്, അജിത്ത് എന്നിവര്‍ക്കുമേലും രാഷ്ട്രീയത്തിലിറങ്ങാന്‍ ശക്തമായ സമ്മര്‍ദ്ദം തുടരുന്നുണ്ട്. ഈ താരങ്ങളൊക്കെ ജെല്ലിക്കെട്ട് സമരത്തെ ശക്തമായി പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നവരാണ്.

സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ കൊണ്ട് തൃപ്തിപ്പെടാതെ സമരരംഗത്തുള്ളവര്‍ സംസ്ഥാനത്തുടനീളം പൊലീസുമായി ഏറ്റുമുട്ടി വരികയാണ്.അനവധി പൊലീസുകാര്‍ക്കും പ്രക്ഷോഭകര്‍ക്കും ഇതിനകംതന്നെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ തീയിട്ട് വരെ പ്രക്ഷോഭകര്‍ മുന്നോട്ട് പോവുന്നതിനാല്‍ കേന്ദ്രസേനയെ രംഗത്തിറക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സേനയെ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പിടി വിട്ടാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ആശങ്കയുള്ളതിനാല്‍ കരുതലോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്നാണ് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

Top