നാഗർകോവിൽ: തമിഴ്നാട്ടിൽ സമരം ചെയ്യുന്നവർക്കെതിരേ എസ്മ പ്രയോഗിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സമരം ചെയ്യുന്ന ട്രാൻസ്പോർട്ട് ജീവനക്കാർ ഉടൻ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി നിർദ്ദേശം.
അതേസമയം, ജീവനക്കാരുടെ സമരം രണ്ടാം ദിവസവും അയവില്ലാതെ തുടരുകയാണ്. ശമ്പള കരാർ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രാൻസ്പോർട്ട് ബസ് ജീവനക്കാർ പണിമുടക്കിയത്.
90 ശതമാനത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എങ്കിലും താത്കാലിക ജീവനക്കാരെക്കൂടി പണിക്കെടുത്ത് സർക്കാർ ബസുകൾ സർവീസ് നടത്തുകയാണ്.
ജനങ്ങളുടെ സൗകര്യാർഥം മിനിബസുകൾക്കും, ദീർഘദൂര സർവീസുകൾക്ക് സ്വകാര്യ ബസുകൾക്കും താത്കാലിക പെർമിറ്റ് നൽകി സർവീസ് നടത്തുന്നുണ്ട്. സർവീസുകൾ തടയാൻ ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു.