വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം തീരുമാനം പിന്‍വലിച്ച് തമീം ഇക്ബാല്‍

ധാക്ക: വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം തീരുമാനം പിന്‍വലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇക്ബാല്‍. ഇന്നലെ വ്യാഴാഴ്ച വിരമിക്കല്‍ വൈകാരികമായ പ്രസ് മീറ്റിലൂടെ കായിക ലോകത്തെ അറിയിച്ച തമീം ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ തമീം ഇക്ബാല്‍ ഏകദിന ലോകകപ്പ് കളിക്കും എന്നുറപ്പായി.

‘ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി അവരുടെ വസതിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. വിരമിക്കല്‍ പിന്‍വലിക്കണമെന്നും ബംഗ്ലാദേശിനായി വീണ്ടും കളിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. അതിനാല്‍ വിരമിക്കല്‍ തീരുമാനം ഈ നിമിഷം പിന്‍വലിക്കുകയാണ്. എനിക്ക് എല്ലാവരോടും നോ പറയാം, എന്നാല്‍ പ്രധാനമന്ത്രിയെ പോലൊരാള്‍ ആവശ്യപ്പെടുമ്പോള്‍ അങ്ങനെ പറയാനാവില്ല. നസ്മുല്‍ ഹസനും(ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്), മഷ്റഫെ മൊർത്താസയും(മുന്‍ നായകന്‍) തന്റെ പുതിയ തീരുമാനത്തില്‍ വലിയ ഭാഗവാക്കായിട്ടുണ്ട്. ഇരുവരും എന്നോട് സംസാരിച്ചു. എന്റെ പരിക്കും മറ്റും മാറാന്‍ ഒന്നര മാസത്തെ ഇടവേള അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം ഞാന്‍ മത്സരങ്ങള്‍ വീണ്ടും കളിക്കുന്നത് തുടങ്ങും’ എന്നുമാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവരുടെ വസതിക്ക് പുറത്തുവച്ച് തമീം ഇക്ബാല്‍ മാധ്യമങ്ങളെ ഇന്ന് അറിയിച്ചത്.

തമീം ഇക്ബാല്‍ വൈകാരികമായി എടുത്ത തീരുമാനമാണ് വിരമിക്കല്‍ എന്നാണ് മനസിലാക്കുന്നത് എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ വ്യക്തമാക്കി. ‘താരം വിരമിക്കല്‍ പിന്‍വലിച്ചത് വലിയ ആശ്വാസമാണ്. ക്യാപ്റ്റനില്ലാതെ എങ്ങനെയാണ് ടീം കളിക്കുക? തമീമുമായി ഇരുന്ന് സംസാരിച്ചാല്‍ അദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് ഞങ്ങളെയെല്ലാം പ്രധാനമന്ത്രി വിളിപ്പിച്ചു. വിരമിക്കല്‍ പിന്‍വലിക്കുന്നതായി ചർച്ചയില്‍ തമീം പറഞ്ഞു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഒന്നരമാസത്തെ ഇടവേള തമീം ഇക്ബാല്‍ എടുക്കും’ എന്നും നസ്മുല്‍ വ്യക്തമാക്കി.

ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ അഫ്ഗാനിസ്ഥാനോട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു ഇന്നലെ ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇക്ബാല്‍. അഫ്ഗാനെതിരായ മത്സരം തോറ്റതിന് പിന്നാലെ വികാരഭരിതനായി വാർത്താസമ്മേളനത്തിലൂടെയായിരുന്നു തമീമിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 34കാരനായ തമീം 241 ഏകദിനങ്ങളില്‍ 14 സെഞ്ചുറി ഉള്‍പ്പെടെ 8313 റണ്‍സുമായി 50 ഓവർ ഫോർമാറ്റില്‍ ബംഗ്ലാ കടുവകളുടെ എക്കാലത്തേയും റണ്‍വേട്ടക്കാരനാണ്. 70 ടെസ്റ്റില്‍ 10 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 5134 റണ്‍സും ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും അടക്കം 1758 റണ്‍സും തമീമിനുണ്ട്.

Top