ഇന്ധനനീക്കം പ്രതിസന്ധിയിലാക്കി ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം

ioc-plant

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം തെക്കന്‍ ജില്ലകളിലെ ഇന്ധനനീക്കം പ്രതിസന്ധിയിലാക്കുന്നു.

സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പല പെട്രോള്‍ പമ്പുകളിലും ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

അതിനിടെ സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എസ്മ ഉപയോഗിക്കുമെന്നും സൂചനയുണ്ട്.

ഇന്ധന നീക്കത്തില്‍ ഐഒസി അധികൃതരുടെ വിവേചനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നുവെന്നാരോപിച്ച് ഒരുവിഭാഗം ടാങ്കര്‍ ലോറി ജീവനക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ച സമരം ആരംഭിച്ചിരുന്നു.

ഐഒസിയുമായി പ്രത്യേകം കരാറുള്ള 700ഓളം വാഹനങ്ങള്‍ ഇരുമ്പനത്ത് നിന്ന് ഇന്ധനം കൊണ്ടുപോകുന്നുണ്ട്.

ഇവരില്‍ പമ്പുടമകളുടെ ടാങ്കര്‍ ലോറികള്‍ക്ക് മൂന്നിരട്ടിയിലധികം ലോഡുകള്‍ നല്‍കുന്നുവെന്നാണ് ടാങ്കര്‍ ലോറി ജീവനക്കാരുടെ ആരോപണം.

നിലപാടില്‍ പ്രതിഷേധിച്ച് നാന്നൂറ്റമ്പതോളം ടാങ്കര്‍ ലോറികളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ ഇന്ധനനീക്കത്തില്‍ എഴുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ ചില പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്ന് പമ്പുകളില്‍ ഇന്ധനം നിറച്ചെങ്കിലും ഇത് വൈകുന്നേരത്തോടെ തീരുമെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് എറണാകുളം ജില്ലാകളക്ടറും അറിയിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ഐഒസി അധികൃതര്‍ തയ്യാറാകാത്തിടത്തോളം സമരം തുടരാന്‍ തന്നെയാണ് ടാങ്കര്‍ ലോറി ജീവനക്കാരുടെ തീരുമാനം.

Top