tanker lorry strike in irumpanam

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ ആരംഭിച്ച ടാങ്കര്‍ ലോറി പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മിക്ക പമ്പുകളും ഇന്ധനം ലഭിക്കാത്തതിനാല്‍ അടഞ്ഞ് കിടക്കുകയാണ്.

ഇരുമ്പനത്തെ ടാങ്കര്‍ ലോറി സമരം രണ്ടുദിവസം കൂടി തുടര്‍ന്നാല്‍ സംസ്ഥാനത്ത് പെട്രോള്‍ കിട്ടാക്കനിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമരത്തോടെ കൊച്ചി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സമരം തുടര്‍ന്നാല്‍ വിമാന സര്‍വീസുകളെ അടക്കം ബാധിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ധന ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

പ്രതിദിനം 580 ലോഡ് ഇന്ധനമാണ് കേരളത്തിലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമായി ഇരുമ്പനത്തു നിന്നും പോയിരുന്നത്.

ഞായറാഴ്ച മുതലാണ് ടാങ്കര്‍ ഉടമകളും ലോറി തൊഴിലാളികളും സംയുക്തമായി സമരം ആരംഭിച്ചത്. ഇന്ധന വിതരണ ടെന്‍ഡറിലെ അപാകത പരിഹരിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ചൊവ്വാഴ്ച ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

കമ്പനി കൊണ്ടുവന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇക്കാര്യത്തില്‍ എന്ത് സമവായത്തിനാണ് കമ്പനി അധികൃതര്‍ തയ്യാറാവുകയെന്നതിനെ ആശ്രയിച്ചായിരിക്കും പ്രശ്‌നപരിഹാരം.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സമരം നീണ്ടാല്‍ അത് സര്‍ക്കാരിന് വലിയ തലവേദനയാകും.

Top