മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചു. ഇടതുവശത്തെ പിന്‍കാലിന് മുകളിലാണ് ആദ്യ ഡോസ് മയക്കു വെടി വെച്ചത്. ദൗത്യ സംഘം ആനയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. മയക്കത്തിലേയ്ക്ക് എത്തുന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി ബന്ദിപൂര്‍ വനമേഖലയില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായി രണ്ട് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ മയക്കുവെടിവെക്കാമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ഉത്തരവ് ഇറക്കിയിരുന്നു.
മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് നേരത്തെ മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ മുതല്‍ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു.
മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി പട്ടണത്തിലേയ്ക്ക് നീങ്ങുകയും മാനന്തവാടി നഗരത്തിന് മധ്യത്തിലുള്ള ചതുപ്പിൽ നിലയുറപ്പിക്കുകയുമായിരുന്നു. നേരത്തെ കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചിരുന്നു. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.