നടയടച്ചതിന് തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും

പത്തനംതിട്ട: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചതിന് തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്താതെ തന്ത്രി നടയടച്ചത് ഗുരുതര വീഴ്ചയാണെന്നും തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

തന്ത്രി ശബരിമല നട അടച്ചതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്ത്രിക്ക് ഏകപക്ഷീയമായി നടയടയ്ക്കാനുള്ള അധികാരമില്ലെന്നും ഇതു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാനുവലില്‍ പറയുന്നുണ്ടെന്നും ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം ശബരിമലയില്‍ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി അല്‍പസമയത്തിനകം സുപ്രീംകോടതിയില്‍ പരിഗണിക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടും.

വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി.വര്‍ഷ എന്നിവരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുന്നില്‍ വിഷയം ഉന്നയിക്കുക.

യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോള്‍ ഭക്തര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കിയത്. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട കടമ നിറവേറ്റി. രാത്രിയില്‍ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും തന്ത്രി കണ്ഠര് രാജീവര്‍ വ്യക്തമാക്കിയിരുന്നു.

Top