മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ വകുപ്പുതല നടപടി നേരിട്ട പൊലീസ് സംഘം ഒളിവില്‍ . പൊലീസ്് സംഘത്തിന്റെയും സസ്പെന്‍ഷനിലായ താനൂര്‍ എസ്.ഐ കൃഷ്ണലാലിന്റെയും മൊഴി അന്വേഷണ സംഘത്തിന് രേഖപ്പെടുത്താനായിട്ടില്ല. കൊലകുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി. ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. താമിര്‍ ജിഫ്രിക്കെപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തികളുടെയും താമിര്‍ ജിഫ്രി കൊലപെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എന്നാല്‍ താമിര്‍ ജിഫ്രിയെ മര്‍ദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഇവരെ ഫോണില്‍ പോലും ബന്ധപെടാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.
എസ്.ഐ കൃഷ്ണ ലാലിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതൊടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമാണുള്ളത്. എട്ടുപേരെ സസ്പെന്റ് ചെയ്തെങ്കിലും ആരെയും ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ താമിറിനെ മര്‍ദിച്ചവര്‍ക്കായി നിയമസഹായങ്ങള്‍ ഒരുക്കുന്നതായാണ് വിവരം.