താനൂർ കൊലപാതകം; അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും മലപ്പുറം എസ്പി യു അബ്ദുള്‍ കരീം പറഞ്ഞു.

ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നുണ്ട്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് സി.പി.ഐ.എം ഉന്നത നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.

Top