ബംഗളുരു: ടാന്‍സാനിയന്‍ യുവതി അടക്കമുള്ള ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തില്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തും. വിദേശകാര്യമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരും ടാന്‍സാനിയന്‍ ഹൈക്കമ്മീഷണറുമാണ് ബംഗളുരുവിലെത്തുന്നത്.
ടാന്‍സാനിയന്‍ യുവതിയ നഗ്‌നയാക്കി പിഡീപ്പിയ്ക്കുകയും ഞായറാഴ്ച ആഫ്രിക്കന്‍ യുവാക്കളെ മര്‍ദ്ദിയ്ക്കുകയും കാര്‍ കത്തിയ്ക്കുകയും ചെയ്തത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആഫ്രിക്കന്‍ പൗരന്മാര്‍ സഞ്ചരിച്ച മറ്റൊരു കാര്‍ ഒരു സ്ത്രീയെ ഇടിച്ചു വീഴ്ട്ടുകയും തുടര്‍ന്ന് ഇവര്‍ മരിയ്ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ പ്രവൃത്തി. ടാന്‍സാനിയയും സുഡാനും അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യയെ അറിയിച്ചു.
രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 5000ത്തോളം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നും തീര്‍ത്തും നിര്‍ഭാഗ്യകരവും ഖേദകരവുമായ സംഭവമാണ് ബംഗളുരുവിലുണ്ടായതെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്വരൂപ് അഭിപ്രായപ്പെട്ടു.
അതേ സമയം ബംഗളുരുവിലേത് വംശീയാക്രമണമാണെന്ന് പറഞ്ഞ ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ കിജാസി ഇത് പരാമര്‍ശിയ്ക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇടിച്ച കാര്‍ ഓടിച്ചിരുന്നവരുമായി ബന്ധമില്ലാതിരുന്നിട്ടും യുവതിയും സുഹൃത്തുക്കളും ആക്രമിയ്ക്കപ്പെട്ടത് തെളിയിയ്ക്കുന്ന ഇത് കറുത്ത വര്‍ഗക്കാര്‍ക്കെതിരായ വംശീയാക്രമണം തന്നെയാണെന്നാണ്. അഞ്ച് പേരെ സംഭവവുമായി അറസ്റ്റ് ചെയ്തു എന്നത് ആശ്വാസകരമാണെന്നും കിജാസി പറഞ്ഞു.
അതേ സമയം പൊലീസ് നടപടി വൈകിയത് യുവതി രണ്ട് ദിവസം വൈകി പരാതി നല്‍കിയത് കൊണ്ടാണെന്നാണ് വികാസ് സ്വരൂപിന്റെ വിശദീകരണം. സംഭവത്തില്‍ ബംഗളുരു പൊലീസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സുഷമ സ്വരാജ് വിഷയം സംസാരിയ്ക്കുകയും ചെയ്തു.