സിനിമാജീവിതത്തിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളേക്കുറിച്ചും ബോളിവുഡിൽ നേരിട്ട അവഗണനയേക്കുറിച്ചും നടി പ്രിയങ്കാ ചോപ്ര തുറന്നുപറഞ്ഞത് ഈയിടെ വലിയ ചർച്ചയായിരുന്നു. ഇതേ പാതയിൽ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ ജനപ്രിയ നായികമാരിലൊരാളായ തപ്സി പന്നു. ബോളിവുഡിൽ ചില ക്യാമ്പുകളുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അവർ.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തപ്സി പന്നുവിന്റെ തുറന്നുപറച്ചിൽ. സിനിമയിൽ വന്ന് പത്തുവർഷമായ സാഹചര്യത്തിലാണിത്. ബോളിവുഡിലെ ക്യാമ്പുകളേക്കുറിച്ച് ആളുകൾക്ക് അറിയാത്ത കാര്യമല്ലെന്നും അത് എക്കാലവും ഉണ്ടെന്നും തപ്സി പറഞ്ഞു. അത്തരം ക്യാമ്പുകൾ ഒരു അഭിനേതാവിന്റെ സുഹൃദ് വലയം, അവർ ഭാഗമായ ഒരു പ്രത്യേക ഏജൻസി അല്ലെങ്കിൽ ഗ്രൂപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാകാം. ആളുകളുടെ കൂറ് ആരോടെന്നത് അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുമെന്ന് തപ്സി ചൂണ്ടിക്കാട്ടി.
“ഓരോരുത്തർക്കും അവരവരുടെ സിനിമകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. സ്വന്തം കരിയറിനെ കുറിച്ച് ചിന്തിച്ചതിൽ എനിക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. സിനിമാ മേഖലയിൽ എല്ലാം നല്ലരീതിയിൽ നടക്കുന്നു എന്ന കാഴ്ചപ്പാടൊന്നും എനിക്കില്ല. ഇവിടം പക്ഷപാതപൂര്‍ണമാണെന്നറിയാം. കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും. ഇതെല്ലാം മറികടന്നുകൊണ്ട് നിങ്ങൾ ഇപ്പോഴും ഈ വ്യവസായത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം തീരുമാനപ്രകാരമാണ്. അതിനെക്കുറിച്ച് പിന്നീട് പരാതിപ്പെടാൻ നിങ്ങൾക്ക് കഴിയില്ല.” തപ്സി കൂട്ടിച്ചേർത്തു.
ഓരോ സിനിമയിലൂടെയും സ്വയം തെളിയിക്കാൻ പാടുപെടേണ്ടി വരും. നിങ്ങൾക്ക് ഒരു വിജയചിത്രം ഉള്ളത് പോലെയല്ല, അടുത്ത 10 വർഷം നിങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവരിൽ അങ്ങനെ സംഭവിക്കില്ല. നമ്മുടേതായ ഒരു നിലയുണ്ടാക്കാൻ നമ്മൾ തുടർച്ചയായി നന്നായി അധ്വാനിച്ചുകൊണ്ടെയിരിക്കണം- തപ്സി വ്യക്തമാക്കി. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയാണ് തപ്സിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം.