ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് അടിയന്തരമായി വൈദ്യസഹായം ആവശ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ പറയുന്ന പോലെയല്ല കശ്മീരിലെ സാഹചര്യമെന്നും തരിഗാമിയെ കാണാന്‍ ആരേയും അനുവദിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്. തരിഗാമിയെ കാണാന്‍ അനുമതി നല്‍കിയ കോടതി അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. ഒരു ദിവസം തരിഗാമിക്കൊപ്പം തങ്ങണമെന്ന യെച്ചൂരിയുടെ ആവശ്യവും സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിരുന്നു.