കോൺഗ്രസിൽ നിർണ്ണായക തീരുമാങ്ങളുമായി താരിഖ് അൻവറിന്റെ റിപ്പോർട്ട്‌

ൽഹി : കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടെന്നും കൂട്ടുത്തരവാദിത്തത്തോടെ കോൺഗ്രസ് പ്രവർത്തിക്കണമെന്നുമുള്ള ശുപാർശയോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രിയായി ഏതെങ്കിലും നേതാവിനെ ഉയർത്തിക്കാട്ടുന്നതു ഗുണം ചെയ്യില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാൻ എംപിമാരെ അനുവദിക്കില്ല. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ല.

ജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോൺഗ്രസ്, ഘടകകക്ഷി നേതാക്കളുമായി താരിഖ് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചു നയിക്കണമെന്നും ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ സജീവമാകണമെന്നുമുള്ള ഘടകകക്ഷികളുടെ ആവശ്യത്തിനു റിപ്പോർട്ടിൽ ഊന്നൽ നൽകിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്റെ കീഴിലുള്ള കെപിസിസി നേതൃത്വത്തെ മാറ്റില്ല. ഏതാനും ജില്ലാ ഘടകങ്ങൾ അഴിച്ചുപണിയുന്നതു പരിഗണിക്കും.

Top