വാഷിങ്ടണ്‍: സ്വകാര്യ ജെറ്റ് തടാകത്തിലേക്ക് ഇടിച്ചിറങ്ങി പ്രശസ്ത സാഹസിക സിനിമയായ ടാര്‍സണ്‍: ദി എപിക് അഡ്വഞ്ചേഴ്‌സ് താരം ജോ ലാറ(58)ക്ക് ദാരുണാന്ത്യം. ഭാര്യ ഗ്വെന്‍ ലാറക്ക് ഒപ്പം സഞ്ചരിക്കുകയായിരുന്ന ലാറ സിനിമാ പ്രേമികളുടെ മനസില്‍ ഇടം പിടിച്ച താരമായിരുന്നു.
ശനിയാഴ്ച നാഷ്വില്ലെയിലെ സ്മിര്‍ന വിമാനത്താവളത്തില്‍ നിന്ന് പാം ബീച്ചിലേക്ക് പോയ സെസ്‌ന 501 എന്ന സ്വകാര്യ ജെറ്റ് പറന്നുയര്‍ന്നയുടന്‍ തന്നെ പെര്‍സി പ്രീസ്റ്റ് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അപകടത്തില്‍ ലാറയും ഭാര്യയുമടക്കം വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു. 1996നും 2000നുമിടയില്‍ ടാര്‍സണ്‍: ദി എപിക് അഡ്വഞ്ചേഴ്‌സിന്റെ 22 എപിസോഡുകളില്‍ ടാര്‍സണായി അഭിനയിച്ച ലാറ 1989ല്‍ പുറത്തിറങ്ങിയ ടാര്‍സണ്‍ ഇന്‍ മാന്‍ഹട്ടന്‍ എന്ന ടിവി സിനിമയിലും വേഷമിട്ടു.
സാഹസിക സിനിമകളോടുള്ള ലാറയുടെ കമ്പം സ്റ്റീല്‍ ഫ്രണ്ടിയര്‍, സണ്‍സെറ്റ് ഹീറ്റ്, ഗണ്‍സ്മോക്ക്: ദി ലാസ്റ്റ് അപ്പാച്ചെ, അമേരിക്കന്‍ സൈബോര്‍ഗ്: സ്റ്റീല്‍ വാരിയര്‍, ദി മാഗ്‌നിഫിഷ്യന്റ് സെവന്‍, ബേവാച്ച്, ട്രോപ്പിക്കല്‍ ഹീറ്റ് എന്നീ സിനിമകളില്‍ സാഹസിക-ഫാന്റസി വേഷങ്ങള്‍ ചെയ്യുന്നതിലേക്കെത്തിച്ചു.