ടിയാഗൊ ഹാച്ച്ബാക്കിനും ടിഗോര്‍ കോമ്പാക്ട് സെഡാനും എബിഎസ് സംവിധാനം ഒരുക്കി ടാറ്റ. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമെ എബിഎസ് ലഭിച്ചിരുന്നുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിള്‍ അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരമാണ് കമ്പനി വാഹനങ്ങളില്‍ എബിഎസ് ഘടിപ്പിച്ചിരിക്കുന്നത്. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.
എബിഎസിന് പുറമെ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളും കമ്പനി നല്‍കാന്‍ തുടങ്ങി. ദുര്‍ഘടമായ വളവുകളില്‍ എബിഎസിനൊപ്പം ചേര്‍ന്ന് ബ്രേക്കുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളിന് കഴിയും. അതായത് വേഗത്തില്‍ വളവ് വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടില്ല.
പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ടിയാഗൊയിലും ടിഗോറിലും അണിനിരക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം പരമാവധി കുറിക്കും. 69 bhp കരുത്തും 140 Nm torque മാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.
മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഇരു കാറുകളുടെയും ഡീസല്‍ പതിപ്പുകളിലുണ്ട്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ. വിപണിയില്‍ 3.4 ലക്ഷം മുതല്‍ 6.38 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗൊയ്ക്ക് വില. ടിഗോറിന് വില 5.20 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയും.