എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക്, 18,000 കോടിക്ക് കേന്ദ്രത്തിന്റെ ഔദ്യോഗിക അംഗീകാരം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.

1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു. ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും.

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. യുഎസിലെ ഇന്റര്‍അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി.

Top