ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍. ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടരുകയാണ്. ജൂലായ് – ഓഗസ്റ്റ് കാലയളവില്‍ ആള്‍ട്രോസ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് ആള്‍ട്രോസിന്.
ആള്‍ട്രോസിന്റെ രൂപത്തിലും ഭാവത്തിലും ആധുനികത്തനിമ തെളിഞ്ഞു കാണാം. ഗ്രില്ലിലേക്ക് ചേര്‍ന്നണയുന്ന ഹെഡ്ലാമ്പുകള്‍ കാറിന് ഗൗരവം പകരുന്നു. താഴെ ബമ്പറിലാണ് വലിയ ഫോഗ്ലാമ്പുകള്‍. പിറകില്‍ ബൂട്ട് ലിഡിന് മുകളിലേക്ക് കറുപ്പിനാണ് പ്രാതിനിധ്യം. ഇരുണ്ട എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്കും കറുപ്പഴക് പശ്ചാത്തലമേകും. ഹാരിയറിന്റെ ഡിസൈന്‍ ശൈലി ആള്‍ട്രോസിലേക്കും പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യഘട്ടത്തില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേ ആള്‍ട്രോസിലുണ്ടാവുകയുള്ളൂ.
നെക്സോണില്‍ തുടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. 108 bhp കരുത്തും 260 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.