രാജ്യത്ത് ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു വരികയാണ്. ഇതിനൊരു മുതല്‍ക്കൂട്ടായി ചെറുധാന്യങ്ങളുടെ ഗുണവും മേന്മയെയും കുറിച്ച് രാജ്യത്തെ കുടുംബങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി ടാറ്റയും റിലയന്‍സും കൈകോര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനികളിലൊന്നായ റിലയന്‍സ് റീട്ടെയില്‍ മഹാ മില്ലറ്റ് മേള സംഘടിപ്പിക്കും. രാജ്യമെമ്പാടുമുള്ള റിലയന്‍സ് റീട്ടെയിലിന്റെ പ്രമുഖ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചാകും മേള അരങ്ങേറുക. ഇതിലെ മുഖ്യ പങ്കാളിത്തം വഹിക്കുന്നതിനാണ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ പൂര്‍ണ ഉപകമ്പനിയായ ടാറ്റ സോള്‍ഫുള്‍, റിലയന്‍സ് റീട്ടെയിലുമായി ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയിലിന്റെ 400 സ്റ്റോറുകളെങ്കിലും പ്രചാരണ പരിപാടിയുടെ ഭാഗമാകുമെന്നാണ് വിവരം.
ഇന്ത്യയില്‍ നിശബ്ദമായി നടക്കുന്ന രണ്ടാം ഹരിത വിപ്ലവമാണ് ചെറുധാന്യ കാര്‍ഷിക മേഖലയില്‍ അരങ്ങേറുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അരിയും ഗോതമ്പുമാണ് ലോകത്തിന്റെ വിശപ്പകറ്റിയതെങ്കില്‍ ഭാവിയില്‍ അതു റാഗിയും തിനയും ഉള്‍പ്പെടുന്ന മില്ലറ്റുകളാകുന്നു. കാലാവസ്ഥാ മാറ്റം കാര്‍ഷിക മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമായാണ് മില്ലറ്റുകളെ ഉറ്റുനോക്കുന്നത്. ഇതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ്, 2023 മില്ലറ്റ് വര്‍ഷമായി ആചരിക്കാനുള്ള നിര്‍ദേശം ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യ മുന്നോട്ടുവെച്ചത്. ഇക്കാര്യം ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ അംഗീകരിക്കുകയായിരുന്നു.