അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടാറ്റയുടെ ആള്‍ട്രോസ് ടര്‍ബോ. കാഴ്ചയിലോ ഡിസൈനിലോ മാറ്റം ഇല്ലെങ്കിലും എഞ്ചിനിലും പ്രകടനത്തിലും മാറ്റം ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമല്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ എതിരാളികള്‍. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.
ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ നിര്‍മ്മിച്ചിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയും വാഹനത്തിന്റെ അകത്തെ സവിശേഷതകളാണ്.
എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയാണ് വാഹനത്തിന്റെ പുറം കാഴ്ചയെ മനോഹരമാക്കുന്ന ഘടകങ്ങൾ.
സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, ഇമ്മോബിലൈസര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് വാഹനത്തിൽ സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.