പുതിയ സെവന്‍ സീറ്റര്‍ ടാറ്റ ഹാരിയര്‍ എസ്‌യുവി 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ . .

ടാറ്റയുടെ 5 സീറ്റര്‍ പ്രീമിയം എസ്.യു.വി.യായ ഹാരിയര്‍ ജനുവരിയോടെ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഹാരിയറിന്റെ ബുക്കിംങ് ആരംഭിച്ചിരുന്നു. ഹാരിയറിര്‍ 5 സീറ്റര്‍ മോഡലിന് പുറമേ ഒരു സെവന്‍ സീറ്റര്‍ പതിപ്പും വിപണിയിലെത്തുമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയറിന്റെ 7 സീറ്റര്‍ മോഡല്‍ ടാറ്റ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ OMEGARC അടിത്തറയിലാണ് ഹാരിറിന്റെ വരവ്. ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് OMEGARC. ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോര്‍സും സംയുക്തമായി വികസിപ്പിച്ച OMEGARC, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറില്‍ അധിഷ്ടിതമാണ്. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC ല്‍ ഒരുങ്ങുന്നുണ്ട്.

കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയില്‍ ഒരുക്കുന്ന ആദ്യ മോഡലാണ് ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായി മാറും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

Top