ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള പുത്തന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയറി’ന്റെ അരങ്ങേറ്റം ജനുവരി 23ന്. ഇതിനു മുന്നോടിയായി 30,000 രൂപ അഡ്വാന്‍സ് ഈടാക്കി ടാറ്റ മോട്ടോഴ്‌സ് ഡീലര്‍മാര്‍ ‘ഹാരിയറി’നുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. ഹാരിയറിന് 16 മുതല്‍ 21 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം
ക്രൈയോട്ടെക് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. eVGT (അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയമെട്രി) ടെക്‌നോളജിയുടെ പിന്‍ബലം ടര്‍ബ്ബോയ്ക്കുണ്ട്.
മികവുറ്റ നിയന്ത്രണവും ലോ എന്‍ഡ് ടോര്‍ഖും ഒഴുക്കുള്ള കരുത്തും ഉറപ്പുവരുത്താന്‍ eVGT ടെക്‌നോളജി നാലു സിലിണ്ടര്‍ എഞ്ചിനെ സഹായിക്കും. 140 bhp കരുത്തും 350 Nm torque മാണ് ഹാരിയറിന് പരമാവധി സൃഷ്ടിക്കാനാവുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കും. 4,598 mm നീളവും 1,894 mm വീതിയും (മിററുകള്‍ കൂടാതെ) 1,706 mm ഉയരവും (ഉള്ളില്‍ ആളില്ലാതെ) ഹാരിയറിനുണ്ട്. ഭാരം 1,675 കിലോ; വീല്‍ബേസ് 2,741 mm ഉം. 205 mm ഗ്രൗണ്ട് ക്ലിയറന്‍സ് എസ്‌യുവിക്കുണ്ട്. 50 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.
ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്നു ഡ്രൈവിംഗ് ഹാരിയറിലുണ്ട്. നോര്‍മല്‍, വെറ്റ്, റഫ് എന്നീ ESP ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയില്‍ സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാം. HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ത്രിമാന എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ പുറംമോടിയില്‍ ഹാരിയറിന്റെ സവിശേഷതകളാണ്.
8.8 ഇഞ്ച് വലുപ്പമുള്ള ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹാരിയറിന് ലഭിക്കുന്നത്. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ ശബ്ദ സംവിധാനം എസ്‌യുവിയുടെ മാറ്റുകൂട്ടും. TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലിലുണ്ട്. ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റിബിലിറ്റി പ്രോഗ്രാം, എഞ്ചിന്‍ ഇമൊബിലൈസര്‍, ചൈല്‍ഡ് ലോക്ക്, ISOFIX മൗണ്ടുകള്‍, ക്ലച്ച് ലോക്ക്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാറ്റ എസ്‌യുവിയിലുണ്ട്.