ടാറ്റയുടെ ജനപ്രിയ കാറുകളുടെ വില വർധിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഐസിഇ-പവർഡ് (ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ) പാസഞ്ചർ വാഹന ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലകൾ 1.2 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനം. പുതിയ വിലകൾ 2023 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കാർ നിർമ്മാതാവിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ടിയാഗോ, ആൾട്രോസ്, ടിഗോർ, പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടുന്നു. അതേസമയം ടാറ്റ നെക്സോണ്‍ ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്ന മൊത്തത്തിലുള്ള പണപ്പെരുപ്പം മൂലമുണ്ടാകുന്ന ചെലവും സമ്മർദ്ദവുമാണ് വില കൂട്ടുന്നതിനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് കുറയ്ക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. 2023ൽ ആൾട്രോസ് ഹാച്ച്ബാക്കിന്റെയും പഞ്ച് എസ്‌യുവിയുടെയും സിഎൻജി പതിപ്പുകൾ ടാറ്റ പുറത്തിറക്കും. രണ്ട് മോഡലുകളും അടുത്തിടെ ഓട്ടോ എക്‌സ്‌പോ 2023ൽ അവരുടെ അരങ്ങേറ്റം നടത്തിയിരുന്നു.

ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകളും വരും മാസങ്ങളിൽ അവതരിപ്പിക്കും. എസ്‌യുവികളിൽ പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ നടത്തും. ലേൻ അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഫോർവേഡ് കൊളിഷൻ അലേർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സഹിതമാണ് പുതിയ മോഡലുകൾ വരുന്നത്.

ഫീച്ചറുകളുടെ പട്ടികയിൽ വലുതും പുതുക്കിയതുമായ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുകളുള്ള ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഉൾപ്പെടും. 2023 ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് കരുത്തേകുന്നത് നിലവിലുള്ള 2.0 എൽ ടർബോ ഡീസൽ എഞ്ചിൻ തന്നെയാണ്. ഈ എഞ്ചിൻ 168 ബിഎച്ച്പിയും 350 എൻഎം ടോർക്കും സൃഷ്ടിക്കും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവി, കര്‍വ്വ് (ഹ്യുണ്ടായ് ക്രെറ്റ എതിരാളി), സിയറ (മഹീന്ദ്ര സ്‌കോർപ്പിയോ-എൻ എതിരാളി) എന്നിവയുൾപ്പെടെ ചില പ്രധാന പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരും . ടാറ്റ കര്‍വ്വ്, സിയറ എസ്‌യുവികൾ പെട്രോൾ, ഇലക്ട്രിക് പവർട്രെയിനുകൾക്കൊപ്പം നൽകും. മൂന്ന് എസ്‌യുവികളും ടാറ്റയുടെ ജെൻ 2 അഥവാ സിഗ്മ പ്ലാറ്റ്‌ഫോമിലായിരിക്കും രൂപകൽപ്പന ചെയ്യുക

Top