ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോർസ് ദില്ലി ട്രാൻസ്പോർട് കോർപ്പറേഷനുമായി (ഡിടിസി) ടാറ്റ മോട്ടോർസിന്റെ ഘടക സ്ഥാപനമായ ടിഎംഎൽ സിവി മൊബിലിറ്റി 1500 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിന് കരാറിൽ ഒപ്പു വച്ചു. ഈ കരാറിന്റെ ഭാഗമായി ടിഎംഎൽ സിവി മൊബിലിറ്റി 1500 ഓളം 12-മീറ്റർ ലോ ഫ്ലോർ എയർ കണ്ടഷൻ ബസുകളുടെ വിതരണം, പ്രവർത്തനം, അറ്റകുറ്റ പണി എന്നിവ 12 വർഷം നടത്തും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുസ്ഥിരവും സൗകര്യ പ്രദവുമായ പൊതു ഗതാഗത സംവിധാനത്തിനായി ഏറ്റവും മികച്ച രൂപകൽപ്പനയും സവിശേഷകളും നൽകി നിർമ്മിക്കപ്പെട്ടവയാണ് തദ്ദേശീയമായി വികസിപ്പിച്ച ടാറ്റ സ്റ്റാർ ബസ് ഇവികൾ.
1500 ഇലക്ട്രിക് ബസുകൾക്കായി വലിയൊരു കരാർ ഒപ്പ് വെയ്ക്കാനായതിൽ സന്തുഷ്‍ടരാണെന്ന് ഡൽഹി ട്രാൻസ് പോർട് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശിൽപ ഷിണ്ഡെ ഐഎഎസ് വ്യക്തമാക്കി. നഗരത്തിലെ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് കാർബൺ ബഹിർഗമനവും ശബ്‍ദ മലീനീകരണവും ഇല്ലാത്ത ഇ ബസുകൾ സഹായിക്കും. സൗകര്യപ്രദമായ സീറ്റിങും, ആധുനിക സവിശേഷതകളും പുതിയ ബസുകൾ വരുന്നതോടെ യാത്രക്കാർക്ക് അനുഭവിക്കാനാകുമെന്നും അവർ കൂട്ടിചേർത്തു.
ഇലക്ട്രിക് ബസുകൾക്ക് വേണ്ടിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ കരാർ ഒപ്പുവെയ്ക്കാനായത് തീർച്ചയായും ചരിത്രപരമായ നിമിഷമാണെന്ന് ടിഎംഎൽ സിവി മൊബിലിറ്റി സൊലൂഷൻസ് ലിമിറ്റഡ് ചെയർമാൻ അസിം കുമാർ മുഖോപാദ്ധ്യായ പറഞ്ഞു. ഡിടിസിയുമായി ഒരു ദശകത്തില്‍ ഏറെയായുള്ള തങ്ങളുടെ ബന്ധം ശക്തമായി തുടരുകയാണ് എന്നും പരസ്‍പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ കരാർ ബന്ധം കൂടുതൽ ശക്തമാക്കും. സൗകര്യപ്രദവും സുഖകരവും സുരക്ഷിതവും സുസ്ഥിരവുമായ യാത്രക്ക് വഴിയൊരുക്കുന്നതാവും ഈ ഇലക്ട്രിക് ബസുകൾ എന്നും കമ്പനി പറയുന്നു.
ടാറ്റാ മോട്ടോർസ് ബാറ്ററി- ഇലക്ട്രിക്, ഹൈബ്രിഡ്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഫ്യുവൽ സെൽ ടെക്നോളജി തുടങ്ങിയ ബദൽ ഇന്ധന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ഗവേഷണം നടത്തുന്നുണ്ട്. നാളിതുവരെ ടാറ്റ മോട്ടോർസ് 730 ഇലക്ട്രിക് ബസുകൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വിതരണം ചെയ്‍തു. ഇവ 55 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞു എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.