ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്യുവിയായ നെക്‌സോണിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി അധികൃതര്‍. പുണെയ്ക്കടുത്ത് രഞ്ജന്‍ഗാവില്‍ ടാറ്റ മോട്ടോഴ്‌സും ഫിയറ്റും ചേര്‍ന്നു സ്ഥാപിച്ച നിര്‍മാണശാലയില്‍ നിന്നാണ് 1,00,000ാമത്തെ നെക്‌സോണ്‍ നിരത്തിലെത്തിയത്. 2017 സെപ്റ്റംബറില്‍ അരങ്ങേറിയ നെക്‌സന്‍ വില്‍പ്പന 22 മാസത്തിനകമാണ് ഒരു ലക്ഷം യൂണിറ്റ് എന്ന നേട്ടം കൈവരിച്ചത്. കോംപാക്ട് എസ്യുവി വിഭാഗം വില്‍പ്പനയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ബഹുമതി നേടാനും നെക്‌സോണു സാധിച്ചെന്നു ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.
സുരക്ഷാ പരിശോധനയ്ക്കുള്ള ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുന്തിയ പ്രകടനത്തിനുള്ള ഫൈവ് സ്റ്റാറാണ് നെക്‌സോണിനു ലഭിച്ചത്. ഇംപാക്ട് ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത നെക്‌സോണിന് ഈ വിഭാഗത്തില്‍ 2018ലെ ഒട്ടു മിക്ക അവാര്‍ഡുകളും സ്വന്തമാക്കാന്‍ സാധിച്ചെന്നും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തുന്നു. ഈ വിഭാഗത്തില്‍ മത്സരം വര്‍ധിച്ചതോടെ നെക്‌സോണില്‍ ചില്ലറ പരിഷ്‌കാരങ്ങളും ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കിയിരുന്നു. കാഴ്ചയിലും അകത്തളത്തിലും നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ നെക്‌സോണിന്റെ വില 11,000 രൂപയോളം വര്‍ധിക്കുകയും ചെയ്തു. ഇതോടെ പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദത്തിന് 6.58 ലക്ഷം രൂപ മുതല്‍ ഡീസല്‍ ഓട്ടമാറ്റിക്കിന് 11 ലക്ഷം രൂപ വരെയായി നെക്‌സോണ്‍ ശ്രേണിയുടെ ഷോറൂം വില.
നെക്‌സോണിനു കരുത്തേകുന്നത് 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകളാണ്; 110 ബി എച്ച് പിയോളം കരുത്താണ് ഇരു എന്‍ജിനുകളും സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് വെന്യൂ, മഹീന്ദ്ര എക്‌സ്യു വി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോഡ് ഇകോ സ്‌പോര്‍ട് തുടങ്ങിയവയോടാണ് നെക്‌സോണിന്റെ പോരാട്ടം.