ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ പ്രധാന താരങ്ങളാണ് ആല്‍ട്രോസ് ഹാച്ച്ബാക്കും നെക്സോണ്‍ എസ്യുവിയും. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ തലമുറയില്‍പെട്ട ഇരു വാഹനങ്ങള്‍ക്കും സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കറുപ്പ് മുങ്ങിക്കുളിച്ച വിധം സ്പോര്‍ട്ടി ലുക്കിലാണ് ആള്‍ട്രോസിന്റെയും, നെക്സോണിന്റെയും സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുണെയിലെ ഒരു ഡീലര്‍ സ്റ്റോക്ക് യാര്‍ഡില്‍ കണ്ടെത്തിയത്. ഇത് ഉടന്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ ‘ഡാര്‍ക്ക് എഡിഷന്‍’ എന്ന പേരിലാവും വില്പനക്കെത്തുക എന്ന സൂചന നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ആല്‍ട്രോസ്, നെക്സോണ്‍, ടിയാഗോ, ടിഗോര്‍, സഫാരി വാഹനങ്ങളുടെ ഡാര്‍ക്ക് എഡിഷനായി ടാറ്റ മോട്ടോര്‍സ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 ഓഗസ്റ്റില്‍ വില്പനക്കെത്തിയ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ വമ്പന്‍ വിജയം നേടിയതോടെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഈ നീക്കം. ഹാരിയറിന് ശേഷം ഡാര്‍ക്ക് എഡിഷനില്‍ ടാറ്റ അവതരിപ്പിക്കുക ആല്‍ട്രോസിനെയും, നെക്സോണെയുമാവും. ടിയാഗോ, ടിഗോര്‍, സഫാരി വാഹനങ്ങളുടെ ഡാര്‍ക്ക് എഡിഷനും അണിയറയില്‍ തയ്യാറാവുന്നുണ്ട് എന്ന സൂചനയും ഇത് നല്‍കുന്നു.
പേര് സൂചിപ്പിക്കും പോലെ ഇതുവരെ ആല്‍ട്രോസും, നെക്സോണും ലഭ്യമല്ലാത്ത കറുപ്പ് നിറം തന്നെയായാണ് ഡാര്‍ക്ക് എഡിഷന്റെ ആകര്‍ഷണം. ന്യൂ അറ്റ്‌ലസ് ബ്ലാക്ക് എന്ന് പേരുള്ള ബോഡി കളറിലാണ് ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ എത്തിയത്. ഇതേ നിറമാവും ആല്‍ട്രോസ്, നെക്സോണ്‍ ഡാര്‍ക്ക് എഡിഷനിലും ഇടം പിടിക്കുക. കറുപ്പില്‍ പൊതിഞ്ഞ അലോയ് വീലുകള്‍, ഫോക്‌സ് സ്‌കിഡ് പ്ലെയ്റ്റിന് (നെക്സോണില്‍) കറുപ്പ് നിറം, ഫെന്‍ഡറുകളില്‍ #Dark ബാഡ്ജ് എന്നിവയാവും ഡാര്‍ക്ക് എഡിഷന്റെ പ്രത്യേകതകള്‍. ഗ്രില്‍, ഫോഗ് ലാംപ് ഹൗസിങ് എന്നീ ഭാഗങ്ങളും കറുപ്പില്‍ പൊതിഞ്ഞിരിക്കും. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഡാഷ്ബോര്‍ഡ്, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഡാര്‍ക്ക് എഡിഷന്‍ ഇന്റീരിയറില്‍ പ്രതീക്ഷിക്കാം.
86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 1.2-ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍, 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 1.5-ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ആല്‍ട്രോസ് ലഭ്യമായ എന്‍ജിനുകള്‍. 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുത്തന്‍ നെക്സോണില്‍. ഈ എന്‍ജിനുകള്‍ പക്ഷെ നെക്സോണില്‍ ഔട്ട്പുട്ട് വ്യത്യസ്തമാണ്. പെട്രോള്‍ എന്‍ജിന്‍ 120 പിഎസ് പവറും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കും. 6-സ്പീഡ് മാന്വല്‍, എഎംടി എന്നവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.