ചെലവു കുറച്ച് ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വീണ്ടും വി.ആര്‍.എസ് പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയായണ് കമ്പനി വിആര്‍എസ് നടപ്പാക്കുന്നത്. 42,597ഓളം ജീവനക്കാരുള്ള കമ്പനിയിൽ പകുതിയോളം പേർ വിആര്‍എസിന് അര്‍ഹരാണ്. അഞ്ചു വര്‍ഷമോ അതില്‍ കൂടുതല്‍ കാലമോ കമ്പനിയില്‍ ജോലി ചെയ്തവര്‍ക്ക് വിആര്‍എസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സര്‍വീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക.
ജനുവരി ഒമ്പതു വരെയാണ് അപേക്ഷിക്കാനാവുക. 2017ല്‍ സമാനമായ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരും പദ്ധതി സ്വീകരിച്ചിരുന്നില്ല. വാഹനമേഖലയിലെ മാന്ദ്യത്തെതുടര്‍ന്ന് 2019 മുതല്‍ കമ്പനികള്‍ വിആര്‍എസ് നടപ്പാക്കി വരികയാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്, അശോക് ലൈലാന്‍ഡ് തുടങ്ങിയ കമ്പനികള്‍ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.