തെരഞ്ഞെടുത്ത മോഡലുകളില്‍ ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. 2022 സിഎന്‍ജി കാറുകള്‍ നിരത്തിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നു.
സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്ന മോഡലുകള്‍ ഏതെല്ലാമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇല്ലെങ്കിലും, അത് ടിയാഗൊ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഈ ഊഹം ശരിയാണെങ്കില്‍, പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിങ്ങനെ മൂന്ന് ഇന്ധന ഓപ്ഷനുകളുമായി ആള്‍ട്രോസ് വില്‍പ്പനയ്ക്ക് എത്തും.
മൂന്ന് മോഡലുകളും ഒരേ 86 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, സിഎന്‍ജി വേരിയന്റിനൊപ്പം പവര്‍ കണക്കുകള്‍ അല്പം കുറയുകയും ഇന്ധനക്ഷമത 30 കിലോമീറ്റര്‍ വരെയാകുകയും ചെയ്യും.
5 സ്പീഡ് മാനുവല്‍ ഓഫര്‍ ചെയ്യുന്ന ഒരേയൊരു ഗിയര്‍ബോക്‌സാകും വാഹനത്തിന് ലഭിക്കുക. സിഎന്‍ജി വേരിയന്റുകള്‍ക്ക് ICE-യില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ 50,000 രൂപ വരെ കൂടുതലാകുമെന്നാണ് സൂചന.