പുതിയ ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കി ടാറ്റ ഇന്‍റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‍ട്രൈഡർ ബ്രാൻഡ്. കോൺടിനോ ഇടിബി 100, സ്റ്റൈഡർ വോൾട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് എത്തുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
17 ഇഞ്ച് സ്റ്റീലിലാണ് സ്റ്റൈഡറിന്റെ വോൾട്ടിക് 1.7 എന്ന സൈക്കിൾ നിർമിച്ചിരിക്കുന്നത്. 48V X 5 AH NMC ലിഥിയം അയൺ ബാറ്ററിയും ഉപയോഗിക്കുന്നു. 48V 250W BLDC ഹബ് മോട്ടറുമാണ് സൈക്കിളിൽ. പരമാവധി 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും. ഒറ്റ ചാർജിൽ 25 മുതൽ 28 വരെ സഞ്ചാര പരിധിയുമുണ്ട്. ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയം മൂന്നു മണിക്കൂറാണ്. ഐപി54 നിലവാരത്തിലുള്ള വാട്ടർ റെസിസ്റ്റ് കപ്പാസിറ്റിയുമായി എത്തുന്ന സൈക്കിളിന്റെ വില 29,995 രൂപ ആണ്.
ഇബി 100 എന്ന സൈക്കിളുമായി എത്തിയിരിക്കുന്നത് സ്റ്റൈഡറിന്റെ മറ്റൊരു സബ് ബ്രാൻഡായ കോണ്ടിനോയാണ്. സ്പെഷൽ അലോയിലാണ് സൈക്കിൾ നിർമിച്ചിരിക്കുന്നത്. ഏഴ് സ്പീഡ് ഗിയർബോക്സാണ് ഇബി 100 ൽ. ഇലക്ട്രിക്, പെഡൽ, ഹൈബ്രിഡ് എന്ന് മോഡലുകളുണ്ട് സൈക്കിളിന്. ഊരിമാറ്റാവുന്ന 48 V ബാറ്ററിയും 250 W BLDC ഹൈബ് മോട്ടറുമുണ്ട്. ഇലക്ട്രിക്കിൽ 30 കിലോമീറ്റർ റേഞ്ചും ഹൈബ്രിഡിൽ 60 കിലോമീറ്റർ റേഞ്ചും നൽകും. 25 കിലോമീറ്റാണ് പരമാവധി വേഗം. വില 37999 രൂപ.
സെമി അർബൻ, റൂറൽ വിപണികൾക്ക് വേണ്ടി പുറത്തിറക്കിയതാണ് മിറാഷ് ഇ പ്ലസ് സൈക്കിൾ. മിറാഷിൽ 48V X 5 AH NMC ലിഥിയം അയൺ ബാറ്ററിയും 48V 250W BLDC ഹബ്ബ് മോട്ടറുമാണുള്ളത്. പെഡൽ അസിസ്റ്റോഡു കൂടി 25 കിലോമീറ്റർ വേഗം നൽകുന്ന സൈക്കിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. നാലു മണിക്കൂറിൽ പൂർണമായും ചാർജാകും. 23995 രൂപ ആണ് പഴയ കാല സൈക്കിളുകളുടെ രൂപഭംഗിയുമായി എത്തുന്ന മിറാഷ് ഇ പ്ലസിന്റെ വില .