ഇലക്ട്രിക് കാറുകളിലെ ഇന്ത്യന്‍ മുഖമായ മഹീന്ദ്രയ്ക്കു പിറകെ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും.
വിപണിയില്‍ പുതുവിപ്ലവം കുറിച്ച ടിയാഗൊയില്‍ ഇലക്ട്രിക് വേര്‍ഷനെ ഒരുക്കുകയാണ് ടാറ്റ. സെപ്തംബര്‍ ആറിന് യുകെ യില്‍ വെച്ച് നടക്കുന്ന ലോ കാര്‍ബണ്‍ വെഹിക്കിള്‍ ഇവന്റില്‍ ടിയാഗൊ ഇലക്ട്രിക്കിനെ ടാറ്റ സമര്‍പ്പിക്കും.
ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ടാറ്റ മോട്ടോര്‍സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് (TMETC) ഇലക്ട്രിക് ടിയാഗൊ ഒരുങ്ങുന്നത്.
എന്നാല്‍ ഇതാദ്യമായല്ല ഇലക്ട്രിക് യുഗത്തിലേക്കുള്ള ടാറ്റയുടെ ചുവട്‌വെയ്പ്. നേരത്തെ ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനെ കോണ്‍സെപ്റ്റ് കാറായി ടാറ്റ കാഴ്ചവെച്ചിരുന്നു.
ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനില്‍ ടാറ്റ ഉള്‍പ്പെടുത്തിയ സമാന സാങ്കേതികവിദ്യയാകും ഇലക്ട്രിക് ടിയാഗൊയിലും വന്നെത്തുക.
ചെലവ് കുറഞ്ഞ പുത്തന്‍ മോഡിഫൈഡ് X0 പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് ടിയാഗൊയുടെ നിര്‍മ്മാണം. തത്ഫലമായി ഇലക്ട്രിക് പവര്‍ട്രെയിന്‍, ബാറ്ററി, മറ്റ് ഘടകങ്ങളുടെ ചെലവ് ഗണ്യമായി കുറയുമെന്നാണ് നിഗമനം.
ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷന് സമാനമായ 80 kW ഇലക്ട്രിക് മോട്ടോറായിരിക്കും ഇലക്ട്രിക് ടിയാഗൊയുടെയും കരുത്ത്.
240 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇലക്ട്രിക് മോട്ടോര്‍. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ ശേഷിയുള്ളതാകും ഇലക്ട്രിക് ടിയാഗൊ.
അതേസമയം, ടാറ്റയുടെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡ്, ടമോയ്ക്ക് കീഴിലാകും ഇലക്ട്രിക് ടിയാഗൊ വിപണിയില്‍ അവതരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.