ടാറ്റ ഇന്‍ഡിക്കയ്ക്കു വിട;കാറിന്റെ ഉല്‍പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിച്ചു

ന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച ടാറ്റ ഇന്‍ഡിക്ക വിട പറയുന്നു. രാജ്യത്തെ ആദ്യ പൂര്‍ണ ഇന്ത്യന്‍ കാറെന്നു വിശേഷിപ്പിക്കപ്പെട്ട കാറിന്റെ ഉല്‍പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിച്ചു. നിലവിലെ കാര്‍ ഉടമകള്‍ക്ക് സര്‍വീസ്-സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ഉറപ്പുവരുത്തുമെന്നു കമ്പനി വ്യക്തമാക്കുന്നുണ്ട്.

ഇന്‍ഡിക്കയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇന്‍ഡിഗോ സെഡാന്റെ ഉല്‍പാദനവും അവസാനിപ്പിച്ചിട്ടുണ്ട്. 1998 ഡിസംബറിലാണ് ആദ്യത്തെ ഇന്‍ഡിക്ക വിപണിയിലെത്തിയത്. ആധുനിക രൂപകല്‍പനയും സാങ്കേതികത്തികവുമുള്ള കാറുകളിലേക്ക് കമ്പനി മാറിയതിന്റെ ഭാഗമായാണു പഴയ മോഡലുകള്‍ അവസാനിപ്പിക്കുന്നതെന്നു കമ്പനി പറഞ്ഞു. 1991ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി ചുമതലയേറ്റ രത്തന്‍ ടാറ്റയുടെ ആശയവും ആവേശവുമായിരുന്നു ഇന്‍ഡിക്ക. ഇന്‍ഡിക്ക എന്ന പേരുതന്നെ ഇന്ത്യന്‍ കാര്‍ എന്നതിന്റെ ചുരുക്കമായിരുന്നു.

ആദ്യമായി ഡീസല്‍ എന്‍ജിനുമായെത്തിയ ചെറുകാറും ഇന്‍ഡിക്കയാണ്. 1998ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ താരമായി അവതരിച്ച ഇന്‍ഡിക്ക അക്കൊല്ലം ഡിസംബറില്‍ വിപണിയിലെത്തി. ആകര്‍ഷക രൂപവും മാരുതി 800-നെക്കാള്‍ കുറഞ്ഞ വിലയുമായിരുന്നു ടാറ്റാ ഇന്‍ഡിക്കയ്ക്ക്.

ഇന്‍ഡിക്ക വരുംമുന്‍പ് മാരുതി കാറുകള്‍ക്കു വില കുറയ്ക്കുകപോലും ചെയ്തിരുന്നു. ടാറ്റ ആദ്യമായുണ്ടാക്കിയ കാറില്‍ പലപല ഗുണനിലവാര പ്രശ്‌നങ്ങള്‍ ഉടമകള്‍ക്ക് അനുഭവിക്കേണ്ടി വന്നെങ്കിലും അതെല്ലാം പരിഹരിച്ച് 2001ല്‍ ‘വി 2’ പതിപ്പ് എത്തിക്കാന്‍ ടാറ്റയ്ക്കു കഴിഞ്ഞു.

ടാക്‌സി വിപണിയുടെ പ്രിയ വാഹനമായി ഇന്‍ഡിക്ക മാറി. ഇന്‍ഡിക്കയുടെ സെഡാന്‍ രൂപമായി ടാറ്റ പിന്നീട് ഇന്‍ഡിഗോ വിപണിയിലെത്തിച്ചു.

നാലു മീറ്ററില്‍ താഴെ നീളമുള്ള കാറുകള്‍ക്ക് നികുതി കുറവ് എന്ന വ്യവസ്ഥ വന്നപ്പോള്‍ ഇന്‍ഡിഗോയുടെ നീളം വെട്ടിക്കുറച്ച് ടാറ്റ ഇന്ത്യയിലെ ആദ്യ കോംപാക്ട് സെഡാന്‍ ആയ ഇന്‍ഡിഗോ സിഎസ് അവതരിപ്പിച്ചു.ഇന്‍ഡിക്ക കുടുംബത്തില്‍ പിന്നീടു വന്ന ഇന്‍ഡിക്ക വിസ്റ്റ, മാന്‍ഡ എന്നീ മോഡലുകള്‍ ഏതാനും വര്‍ഷം മുന്‍പ് കമ്പനി അവസാനിപ്പിച്ചിരുന്നു.

Top