ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ശ്രേണിയുടെ വില കൂട്ടുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.
2021 ഒക്ടോബർ ഒന്നു മുതല്‍ വില വർധിപ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബേസ് മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും രണ്ട് ശതമാനം വില വർധനയാണ് പ്രാബല്യത്തില്‍ വരിക എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്റ്റീല്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വർധനയെ തുടർന്നാണ് ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതമായത്. നിർമ്മാണ വേളയില്‍ വില വർധനയുടെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വില വർധന കുറച്ചുനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ഉടമസ്ഥതാവകാശം ലഭ്യമാക്കാൻ ശ്രമം തുടരുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.