ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡ് ആണ് ടാറ്റ. ഇതില്‍ തന്നെ വാഹന പ്രേമികള്‍ക്ക് ഇഷ്ടപെട്ട മോഡല്‍ ആണ് ടാറ്റയുടെ നെക്‌സോണ്‍. പെട്രോള്‍-ഡീസല്‍ പവര്‍ട്രെയിനുകള്‍ക്ക് പുറമെ ഇപ്പോഴിതാ നെക്‌സോണിന്റെ ഇലക്ട്രിക് വകഭേദവും പുതിയ രൂപത്തോടെ എത്തുകയാണ്. നെക്‌സോണ്‍ ഇവി എന്ന പേരില്‍ എത്തുന്ന ഇലക്ട്രിക് വകഭേദവും കാഴ്ചയില്‍ റെഗുലര്‍ നെക്‌സോണിന് സമാനമാണ്. സെപ്റ്റംബര്‍ 14-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കും.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ തന്നെയാണ് നെക്‌സോണ്‍.ഇവിയും ഒരുങ്ങിയിരിക്കുന്നത്. ബോണറ്റിന് സമീപം നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ഇവയെ കണക്ട് ചെയ്യുന്ന ലൈറ്റ് സ്ട്രിപ്പുമാണ് മുന്‍ഭാഗത്തുള്ളത്. റെഗുലര്‍ പതിപ്പില്‍ നല്‍കിയിരുന്നതിന് സമാനമായ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്ബ്, പുതിയ ഡിസൈനിലെ എയര്‍ഡാം എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. അതേസമയം, റെഗുലര്‍ പതിപ്പുമായി ഡിസൈന്‍ പങ്കിട്ടാണ് റിയര്‍ പ്രൊഫൈല്‍ ഒരുങ്ങിയിട്ടുള്ളത്.
സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്, കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ട്, ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള എലമെന്റ് എന്നിവ ഭംഗിയേകുന്ന ഡാഷ്‌ബോര്‍ഡാണ് നെക്‌സോണ്‍.ഇവിയിലും നല്‍കിയിട്ടുള്ളത്. മുന്‍ മോഡലുകളില്‍ ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നത് നോബിലൂടെ ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ നെക്‌സോണ്‍ ഓട്ടോമാറ്റികിന് സമാനമായ ലിവറാണ് നല്‍കിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും ഈ വാഹനത്തിന്റെ അകത്തളത്തിലുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിലും നെക്‌സോണിനെ പിന്തുടര്‍ന്നാണ് നെക്‌സോണ്‍ ഇ.വിയും എത്തിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ 360 ഡിഗ്രി ക്യാമറ, ഐ.ആര്‍.എ. കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, സണ്‍റൂഫ്, എട്ട് ജെ.ബി.എല്‍. സ്പീക്കര്‍ നല്‍കിയിട്ടുള്ള ഹര്‍മന്‍ മ്യൂസിക് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും ഈ വാഹനം ഏറെ മുന്നിലാണ്.
മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി മിഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തുന്നത്. മീഡിയോ റേഞ്ച് 30 കിലോ വാട്ട് ബാറ്ററിയും ലോങ്ങ് റേഞ്ചില്‍ 40.5 കിലോ വാട്ട് ബാറ്ററിയും നല്‍കിയിട്ടുള്ളതാണ് വ്യത്യാസം. രണ്ട് മോഡലുകള്‍ക്കും 12 കിലോ മീറ്ററുകള്‍ വീതം റേഞ്ച് ഉയര്‍ത്തി മീഡിയം റേഞ്ചിന് 325 കിലോ മീറ്ററും ലോങ്ങ് റേഞ്ചിന് 465 കിലോ മീറ്ററും റേഞ്ചാണ് പുതുതായി എത്തുന്ന നെക്‌സോണ്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് ഉറപ്പു നല്‍കുന്നത്.
ഐ.പി. 67 റേറ്റിങ്ങുള്ള ബാറ്ററിയാണ് നെക്‌സോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പെര്‍മനെന്റ് മാഗ്‌നൈറ്റ് സിങ്ക്രണൈസ് ഇലക്ട്രിക് മോട്ടോറിന്റെ രണ്ടാം തലമുറ പതിപ്പാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലുകളെക്കാള്‍ 20 കിലോ ഗ്രാം ഭാരം കുറവാണെന്നതാണ് ഇതിന്റെ സവിശേഷത. ഇതിനൊപ്പം നാല് ലെവലുകളിലുള്ള റീജനറേറ്റീവ് ബ്രേക്കിങ്ങ് സംവിധാനം 10 മുതല്‍ 15 ശതമാനം വരെ അധിക റേഞ്ച് ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നത്.