എസ് യു വി ശ്രേണിയില്‍ വെല്ലുവിളിയായി ടാറ്റ നെക്‌സണ്‍ ആഗസ്റ്റില്‍ എത്തും

ടാറ്റയുടെ പരമ്പരാഗത മുഖഭാഗങ്ങളില്‍ നിന്നും തികച്ചും വേറിട്ട രൂപമാറ്റത്തോടെ നെക്‌സണ്‍ വരുന്നു. സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലുള്ള നെക്‌സണെ ഇന്ത്യന്‍ നിരത്തിലേക്ക് എത്തിക്കാന്‍ ടാറ്റ സജ്ജമായി കഴിഞ്ഞു.

ആഗസ്റ്റ് മാസം മധ്യത്തോടെ നെക്‌സണ്‍ നിരത്തില്‍ ഒരു വെല്ലുവിളിയായി ഉണ്ടാകും. ചെന്നൈയില്‍ ടാറ്റ നെക്‌സണിന്റെ അവസാനവട്ട പരീക്ഷണ ഘട്ടത്തിലാണുള്ളത്. പരീക്ഷണസ്വഭാവത്തില്‍ നിരത്തിലിറക്കിയ നെക്‌സണെ ചില ദേശീയ ഓട്ടോ മാധ്യമങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് അതിവേഗം വളരുന്ന സബ് കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഉറപ്പിച്ചാണ് നെക്‌സണെ ഈ വര്‍ഷം തന്നെ ടാറ്റ രംഗത്തിറക്കുന്നത്. മാരുതി സുസുക്കിയുടെ വിതാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോട്ട്, മഹീന്ദ്ര ടിയുവി 300 തുടങ്ങിയവരായിരിക്കും നെക്‌സണിന്റെ എതിരാളികള്‍.

പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പിന്‍ഭാഗത്ത് സ്‌പോയിലര്‍ തുടങ്ങിയ പ്രത്യേകതകളുമായാണ് നെക്‌സണ്‍ എത്തുക. ടാറ്റയുടെ ചെറുകാര്‍ തിയാഗോയിലും ക്രോസോവര്‍ ഹെക്‌സയിലും പിന്‍തുടര്‍ന്നിട്ടുള്ള ഡിസൈന്‍ ഫിലോസഫി തന്നെയായിരിക്കും നെക്‌സണിനും അടിത്തറയാകുന്നത്. 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അടക്കം പ്രീമിയം ഇന്റീരിയറാണ് മറ്റൊരു സവിശേഷത.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ടര്‍ബോ ചാര്‍ജ്ഡ് വകഭേദവുമായാണ് നെക്‌സണിന്റെ വരവ്. 120 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാന്‍ കരുത്തുള്ളവനാണ് എന്‍ജിന്‍. 170 എന്‍എം ടോര്‍ക്കാണിതിലുള്ളത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റിവോടോര്‍ക് ഡീസല്‍ എന്‍ജിനാണെങ്കില്‍ 260 എന്‍എം ടോര്‍ക്കില്‍ 110 ബിഎച്ച്പി കരുത്ത് ആവാഹിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും ഓട്ടോമാറ്റിക് വകഭേദവും നെക്‌സണിലുണ്ടാകും.

ഡ്രൈവ് മോഡുകളുമായി എത്തുന്ന ആദ്യ സബ് കോംപാക്ട് എസ്‌യുവി കൂടിയാണ് നെക്‌സണ്‍. ഇതിനൊപ്പം മൈലേജിന്റെ കാര്യത്തിലും ടാറ്റ വിട്ടുവീഴ്ച കാട്ടിയിട്ടില്ല. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 18 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 23 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 6.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Top