ന്യൂഡല്‍ഹി : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സൈറസ് മിസ്ട്രി നിയമനടപടിയ്ക്ക്. ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനത്തിനെതിരെ ബോംബെ ബൈക്കോടതിയെ സമീപിക്കുമെന്ന് സൈറസ് മിസ്ട്രിയോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ടാറ്റ സണ്‍സ് അസോസിയേഷന്റെ ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്നാണ് മിസ്ട്രി ക്യാംപ് വ്യക്തമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 121 ബി പ്രകാരം ചെയര്‍മാനെ നീക്കുമ്പോള്‍ ചുരുങ്ങിയത് 15 ദിവസം മുമ്പ് ഓഹരിയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കണം. കൂടാതെ പുറത്താക്കപ്പെടുന്ന ചെയര്‍മാന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കണമെന്ന ചട്ടവും ലംഘിച്ചതായാണ് മിസ്ട്രി ക്യാംപ് അറിയിച്ചത്.
മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹഗന്‍ പരാശരന്‍, മുതിര്‍ന്ന അഭിഭാഷകന്‍ വിരാഗ് തുള്‍സാപുര്‍കര്‍ എന്നിവരെയാണ് മിസ്ട്രി ക്യാംപ് സമീപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലായിരുന്നു സൈറിസിനെ പുറത്താക്കാനും രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായും തീരുമാനിച്ചത്.
സൈറസിന്റെ ലാഭേച്ഛയില്ലാത്ത ബിസിനസ് സംരംഭങ്ങളോടുള്ള ബോര്‍ഡിന്റെ എതിര്‍പ്പാണ് പുറത്താക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.