മുംബൈ: സൈറസ് മിസ്ത്രിയ്ക്ക് വീണ്ടും തിരിച്ചടി. ടാറ്റാ സ്റ്റീല്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മിസ്ത്രിയെ നീക്കം ചെയ്തു. മിസ്ത്രിയെ പുറത്താക്കിയ സ്ഥാനത്തേക്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായ ഒപി ഭട്ടിനെ നിയമിച്ചു.
ബോര്‍ഡ് മീറ്റിംഗിലാണ് സൈറസ് മിസ്ത്രിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. മിസ്ത്രിയേയും നുസ്ലി വാഡിയയേയും ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി അടുത്തമാസം പ്രത്യേക യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ മാസമായിരുന്നു അപ്രതീക്ഷിതമായി സൈറസ് മിസ്ത്രിയെ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതും പകരം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിക്കുന്നതും. ഡിസംബറിലെ യോഗത്തില്‍ സൈറസിന്റെ പകരക്കാരനെ കണ്ടെത്തുന്നത് വരെയാണ് ഭട്ടിന്റെ കാലാവധി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനാണ് ഭട്ട്. ഡിസംബര്‍ 21നാണ് പ്രത്യേക ജനറല്‍ ബോഡി യോഗം ചേരുക