ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനിയായ ടാറ്റ ടെക്‌നോളജീസിന് ഓഹരി വിപണിയില്‍ ഗംഭീര അരങ്ങേറ്റം. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചാണ് ടാറ്റ ടെക് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 140 ശതമാനം പ്രീമിയത്തിലായിരുന്നു കമ്പനിയുടെ അരങ്ങേറ്റം. ഇഷ്യു വിലയായ 500 രൂപയില്‍നിന്ന് 1,200 നിലവാരത്തിലേക്കാണ് വില കുതിച്ചത്. പിന്നീട് വില ഉയരുകയും ചെയ്തു.
ഓട്ടോ മൊബൈല്‍ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്. മൂന്നുവര്‍ഷമായി ടാറ്റ എലക്സി, എല്‍ആന്‍ഡ്ടി ടെക്‌നോളജീസ്, കെപിഐടി ടെക്‌നോളജീസ് എന്നിവയേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ടാറ്റ ടെക് കമ്പനി നേടിയിട്ടുള്ളത്.പ്രമോട്ടര്‍മാരായ ടാറ്റ മോട്ടോഴ്സും നിക്ഷേപകരായ ആല്‍ഫ ടിസി ഹോള്‍ഡിങ്‌സും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടും 6.08 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയില്‍വഴി കൈമാറിയത്.നവംബര്‍ അവസാനവാരം ടാറ്റ ടെക്‌നോളജീസ് ഐപിഒ ആരംഭിച്ചിരുന്നു, മികച്ച നിക്ഷേപ പ്രതികരണമാണ് ഐപിഒയ്ക്ക് ആ ആഴ്ചയില്‍ ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി പ്രാഥമിക ഓഹരിവില്പനയ്ക്കായി എത്തുന്നതെന്ന കാരണത്താല്‍ തന്നെ നിക്ഷപകര്‍ ടാറ്റ ടേക്‌നോളജീസില്‍ വന്‍ നിക്ഷേപണം നടത്തിയിരുന്നു.
69.43 മടങ്ങായിരുന്നു സബ്സ്‌ക്രിപ്ഷന്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിടൂഷ്ണല്‍ ഉപഭോക്താക്കളുടെ റിസര്‍വ് ചെയ്തിരിക്കുന്ന ക്വാട്ടയില്‍ 203.41 മടങ്ങിന്റെ റെക്കോര്‍ഡ് ആണ് ലഭിച്ചത്.73.38 ലക്ഷത്തിലധികം മൊത്തം അപേക്ഷകളോടെ എല്ലാ വിഭാഗത്തില്‍നിന്നുള്ള നിക്ഷേപകരില്‍നിന്നും മികച്ച പ്രതികരണമായിരുന്നു ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ലഭിച്ചത്.