പുതിയ ടിയാഗൊ XZ പ്ലസ് വിപണിയില്‍ പുറത്തിറങ്ങി. ടിയാഗൊ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. 5.57 ലക്ഷം രൂപയാണ് ടാറ്റ ടിയാഗൊ XZ പ്ലസ് പെട്രോള്‍ പതിപ്പിന് വില. ഇരട്ടനിറമുള്ള പെട്രോള്‍ പതിപ്പ് 5.64 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വരും. 6.31 ലക്ഷം രൂപ മുതലാണ് ടിയാഗൊ XZ പ്ലസ് ഡീസലിന് വില. ഇരട്ടനിറമുള്ള ഡീസല്‍ മോഡല്‍ ലഭ്യമാവുക 6.38 ലക്ഷം രൂപയ്ക്കും.
കാന്യണ്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ പുതുനിറങ്ങളിലാണ് ടിയാഗൊ XZ പ്ലസ് വരുന്നത്. വശങ്ങളിലെ മൗള്‍ഡിംഗ് ഘടനകള്‍ കാറിന് പുതുമയേകുന്നു. ഇരട്ടനിറ പതിപ്പുകള്‍ക്ക് തിളക്കമേറിയ കറുത്ത മേല്‍ക്കൂരയാണുള്ളത്. ഇരുണ്ട (സ്‌മോക്ക്ഡ്) പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാനും മടക്കാനും കഴിയുന്ന മിററുകള്‍, ഇരട്ടനിറമുള്ള പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും XZ പ്ലസ് മോഡലില്‍ എടുത്തുപറയണം. ഉള്ളില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ആകര്‍ഷണം. കണക്ട് നെക്സ്റ്റ്, ആന്‍ട്രോയ്ഡ് ഓട്ടോ, വോയിസ് കമ്മാന്‍ഡ് ഓപ്ഷനുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.
എഞ്ചിനില്‍ പരിഷ്‌കാരങ്ങളില്ല. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ടിയാഗൊ XZ പ്ലസിലും തുടിക്കും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ടര്‍ബ്ബോയുള്ള മൂന്നു സിലിണ്ടര്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque മുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് പിന്നീടൊരു അവസരത്തില്‍ മാത്രമെ XZ പ്ലസിന് കമ്പനി നല്‍കുകയുള്ളൂ.