ടാറ്റ ടിഗോര്‍ ഇവികള്‍ക്ക് മൈലേജ് കുറവാണെന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയുമായി ടാറ്റ മോട്ടോര്‍സ് രംഗത്ത്. കേന്ദ്ര സര്‍ക്കാരിന് ടാറ്റയും മഹീന്ദ്രയും കൈമാറിയ വൈദ്യുത കാറുകള്‍ക്ക് പ്രകടനക്ഷമത കുറവാണെന്നു കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിച്ചത്.
ഒറ്റ ചാര്‍ജില്‍ എണ്‍പതു കിലോമീറ്റര്‍ ദൂരമോടാന്‍ പോലും ടിഗോര്‍ ഇവി, ഇ വെരിറ്റൊ സെഡാനുകള്‍ക്ക് കഴിയുന്നില്ല. ഇക്കാരണത്താല്‍ വൈദ്യുത കാറുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ടാറ്റ രംഗത്ത് വന്നിരിക്കുന്നത്.
ടിഗോര്‍ ഇവികളില്‍ ഉയര്‍ന്നിരിക്കുന്ന പരാതി അടിസ്ഥാനരഹിതമാണെന്നു ഔദ്യോഗിക പത്രകുറിപ്പില്‍ ടാറ്റ പറഞ്ഞു. കാറുകളുടെ ഡ്രൈവിംഗ് റേഞ്ചുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കഴമ്പില്ല. ഉപയോക്തക്കളുമായും ഇഇഎസ്എല്ലുമായും വിഷയത്തില്‍ കമ്പനി ചര്‍ച്ച നടത്തി. എന്നാല്‍ എവിടെയും ടിഗോര്‍ ഇവികളുടെ ദൂരപരിധി പ്രധാന ആശങ്കയായി കേട്ടില്ലെന്നു പത്രക്കുറിപ്പില്‍ ടാറ്റ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒറ്റ ചാര്‍ജ്ജില്‍ 130 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ടിഗോര്‍ ഇവികള്‍ക്ക് കഴിവുണ്ട്. ഇക്കാരണത്താല്‍ നിലവിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നു ടാറ്റ ചൂണ്ടിക്കാട്ടി. രാത്രി കാലങ്ങളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്താല്‍ നിലവിലെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു ടാറ്റ പറയുന്നു.
ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനങ്ങളുടെ അഭാവം ചാര്‍ജ്ജിംഗ് സമയത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മണിക്കൂറുകളെടുക്കും കാര്‍ പൂര്‍ണമായും ചാര്‍ജ്ജ് നേടാന്‍. പൂര്‍ണ ചാര്‍ജ്ജിലെത്തും മുമ്പെ കാറുകള്‍ ഉപയോഗിച്ചതു കൊണ്ടാണ് ദൂരപരിധി കുറയാന്‍ കാരണം. അമ്പതു മുതല്‍ അറുപതു കിലോമീറ്റര്‍ ദൂരമാണ് കാറുകള്‍ ശരാശരി ഒരു ദിവസം നിരത്തിലോടാറ്.
ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കൂടുതല്‍ സ്ഥാപിച്ചാല്‍ മാത്രമെ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളുവെന്ന് ടാറ്റ കൂട്ടിച്ചേര്‍ത്തു. അതേസമയം ബാറ്ററി സംവിധാനങ്ങള്‍ക്ക് ശേഷി കുറവാണെന്നു കമ്പനി സമ്മതിക്കുന്നു.
ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് കാഴ്ചവെക്കും. എന്നാല്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ ചെലവു ചുരുക്കി മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് കുറഞ്ഞ ശേഷിയുള്ള സംവിധാനം തെരഞ്ഞെടുത്തതെന്നു ടാറ്റ പറഞ്ഞു.
അല്ലാത്തപക്ഷം ഉയര്‍ന്ന വിലയില്‍ ടിഗോര്‍ ഇവികളെ അവതരിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകും.
250 കിലോമീറ്റര്‍ ദൂരമോടുന്ന വൈദ്യുത കാറുകളെ വിപണിയില്‍ കാണാം. എന്നാല്‍ അവയില്‍ ഒരുങ്ങുന്ന ബാറ്ററികള്‍ക്ക് മാത്രം ഏഴു ലക്ഷം രൂപയ്ക്ക് മേലെ ചെലവു വരും. ഇതു മോഡലുകളുടെ വില ഗണ്യമായി ഉയര്‍ത്തുമെന്നു ടാറ്റ സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പതിനായിരം വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ആഗോള ടെന്‍ഡര്‍ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ക്ഷണിച്ചത്. കരാര്‍ പ്രകാരം നവംബറിലാണ് 350 ടിഗോര്‍ ഇവികളെ ടാറ്റയും 150 ഇവെരിറ്റൊ സെഡാനുകളെ മഹീന്ദ്രയും ഇഇഎസ്എല്ലിന് കൈമാറിയത്. ജൂണില്‍ ബാക്കിയുള്ള 9,500 യൂണിറ്റ് വൈദ്യുത കാറുകള്‍ വിതരണം ചെയ്യണമെന്ന് കരാറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഏറ്റെടുക്കല്‍ നടപടികള്‍ കേന്ദ്രം നീട്ടുകയായിരുന്നു.