ടാറ്റാ ടിഗോര്‍ ഇ.വി എത്തി; ഒറ്റചാര്‍ജില്‍ കുതിയ്ക്കാം 213 കിലോമീറ്റര്‍ വരെ

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനമായ ‘ടിഗോര്‍ ഇ.വി.’ അവതരിപ്പിച്ചു. 9.44 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 213 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി നല്‍കിയാണ് ടിഗോര്‍ ഇ.വി നിരത്തിലെത്തിയിരിക്കുന്നത്. മൂന്ന് വകഭേദങ്ങളിലായാണ് ഒരുക്കിയിട്ടുള്ളത്.

ഇ.വി ബാഡ്ജിങ്ങ് പതിപ്പിച്ചിട്ടുള്ള പുതിയ ഗ്രില്ല്, അലോയി വീലുകള്‍, ഡോറുകളില്‍ ഇ.വി ബാഡ്ജിങ്ങ്, ഫാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് എക്സ്റ്റീരിയറിലെ പുത്തന്‍ മാറ്റങ്ങള്‍. ബ്ലാക്ക്- ഗ്രേ നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രിക് കരുത്തിലേക്ക് മാറിയതോടെ ടിഗോറിന്റെ ലുക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹര്‍മന്‍ സ്റ്റീരിയോയാണ് ടിഗോര്‍ ഇ.വിയിലുള്ളത്. ഇതിന് മുന്‍പ് ഇറങ്ങിയ ടിഗോര്‍ ഇ.വി.യുടെ വില്പന സര്‍ക്കാരിനും ടാക്‌സി ഉടമകള്‍ക്കും മാത്രമായിരുന്നു.പുതിയ ടിഗോര്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 142 കിലോമീറ്റര്‍ മാത്രമായിരുന്നു പഴയ ടിഗോറില്‍ ലഭ്യമായിരുന്നത്.

സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് എന്നിവയും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. വേഗം കൂടിയതും കുറഞ്ഞതുമായ ചാര്‍ജിങ്ങ് സംവിധാനവും ഇതിലുണ്ട്. ആദ്യ പടിയായി ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ടാറ്റ ഇലക്ട്രിക് ടിഗോര്‍ എത്തിക്കുന്നത്. എന്നാല്‍, വരും മാസങ്ങളില്‍ രാജ്യത്തുടനീളമെത്തിക്കുമെന്നാണ് വിവരം.

Top