ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ ലോഞ്ചുകളുമായി ടാറ്റ മോട്ടോഴ്‌സ് ഈ ഉത്സവ സീസണിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയതും പുതുക്കിയതുമായ ആറ് ഉൽപ്പന്നങ്ങൾ വാഹന നിർമ്മാതാവ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റ പഞ്ച് സിഎൻജി, ഇവി, നവീകരിച്ച ഹാരിയർ, സഫാരി, ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയാണ് ടാറ്റ മോട്ടോഴ്സില്‍ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ ലോഞ്ചുകൾ.
പഞ്ച് സിഎൻജി പുറത്തിറക്കുന്നതോടെ കമ്പനി ഉത്സവ സീസൺ ആരംഭിക്കും. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഈ സിഎൻജി കാർ ടാറ്റ ആദ്യം പ്രദർശിപ്പിച്ചത്. അടുത്തിടെ അവതരിപ്പിച്ച ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജിയ്‌ക്ക് സിഎൻജി-പവർ പഞ്ച് എതിരാളിയാവും. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ട്വിൻ-സിഎൻജി സിലിണ്ടർ സജ്ജീകരണത്തോടൊപ്പമാണ് സിഎൻജി പതിപ്പ് വരുന്നത്. സിഎൻജി പവർട്രെയിൻ എല്ലാ വേരിയന്റുകളിലും ലഭ്യമാകും. സിഎൻജിയിൽ പ്രവർത്തിക്കുന്ന പഞ്ച് ഓഗസ്റ്റ് ആദ്യവാരം വിൽപ്പനയ്‌ക്കെത്തും.
ഈ ഉത്സവ സീസണിൽ പഞ്ച് ഇവി അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നുണ്ട്. വേറിട്ട അലോയ് വീൽ ഡിസൈനും ചില ചെറിയ സ്‌റ്റൈലിംഗ് ട്വീക്കുകളും ഒഴികെ, പഞ്ചിന്റെ ഇവി പതിപ്പിന് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായ വീക്ഷണം ഉണ്ടായിരിക്കും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ 360 ഡിഗ്രി ക്യാമറയും സ്വിച്ച് ഗിയറും പഞ്ച് ഇവിക്ക് ലഭിക്കും. സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറുള്ള ലിക്വിഡ് കൂൾഡ് ബാറ്ററിയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോൺ പവർട്രെയിനുമായി പഞ്ച് ഇവി സജ്ജീകരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറിന്റെയും കൃത്യമായ സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ല.
പുതുക്കിയ ഹാരിയർ, സഫാരി എസ്‌യുവികളും ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കും. 2023 സെപ്റ്റംബറിൽ അപ്‌ഡേറ്റ് ചെയ്‌ത മോഡലുകളുടെ ഉൽപ്പാദനവും ഉടൻ ആരംഭിച്ചേക്കാം. അപ്‌ഡേറ്റ് ചെയ്‌ത ഹാരിയർ, സഫാരി എസ്‌യുവികൾക്ക് മുന്നിലും പിന്നിലും മാറ്റങ്ങളും പുതിയ അലോയ് വീൽ ഡിസൈനുകളും ചില ട്വീക്ക് ചെയ്‌ത ബാഹ്യ സ്റ്റൈലിംഗും ലഭിക്കും. അതേസമയം, ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടാകും. ഗിയർ ലിവർ ഡിസൈനിൽ ചില മാറ്റങ്ങളും മറ്റ് ചില കോസ്മെറ്റിക് അപ്‌ഡേറ്റുകളും എസ്‌യുവികളെ എതിരാളികളോട് മത്സരിക്കാൻ സഹായിക്കും.
ഓട്ടോ എക്‌സ്‌പോയിൽ കാണിച്ചിരിക്കുന്ന കര്‍വ്വ് എസ്‌യുവി കൺസെപ്‌റ്റിൽ നിന്നുള്ള സൂചനകളുള്ള സ്റ്റൈലിംഗ് ട്വീക്കുകൾ ഉൾപ്പെടെയുള്ള ഒരു പ്രധാന പരിഷ്‍കരണത്തിന് ടാറ്റ നെക്‌സോണും വിധേയമാകും. പുതുക്കിയ നെക്സോണിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സ്വിച്ച് ഗിയർ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ലഭിക്കും. നെക്‌സോണിന്റെ പെട്രോൾ, ഡീസൽ, ഇവി പതിപ്പുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ മോട്ടോഴ്‌സ് ഒരേ സമയം അവതരിപ്പിക്കും. ഇലക്ട്രിക്ക് പതിപ്പിന് അതിന്റെ ഐസിഇ പവർ കൗണ്ടറിൽ നിന്ന് അൽപ്പം വ്യത്യസ്‍തമായ മുൻഭാഗം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.