ടാറ്റാ സഫാരി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 പതിപ്പിന്റെ ഔദ്യോഗിക പങ്കാളി

ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് പുതുതലമുറ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് സഫാരി നെയിംപ്ലേറ്റ് തിരികെ കൊണ്ടുവന്നത്. പ്രാരംഭ പതിപ്പിന് 14.69 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 21.6 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സഫാരി ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിന്റെ മുന്‍നിര ഓഫറാണ്. തുടര്‍ച്ചയായ നാലാം വര്‍ഷവും ബിസിസിഐയുമായി ബന്ധം തുടരുന്ന ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ വിവോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) 2021 പതിപ്പിന്റെ ഔദ്യോഗിക പങ്കാളിയാകുമെന്ന് പ്രഖ്യാപിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഏപ്രില്‍ 9-ന് ചെന്നൈയില്‍ ആരംഭിക്കും. ഡല്‍ഹി, മുംബൈ, ബെംഗ്ലൂരു, കൊല്‍ക്കത്ത തുടങ്ങി ആറ് പ്രധാന നഗരങ്ങളിലാണ് ക്രിക്കറ്റ് പൂരം അരങ്ങേറുന്നത്. ഫൈനലുകള്‍ അഹമ്മദാബാദില്‍ നടക്കും.”ടൂര്‍ണമെന്റ് ഇന്ത്യന്‍ വേദികളിലേക്ക് മടങ്ങിയെത്തിയതിനാല്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേകതയാണെന്നാണ് ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (PVBU) ഹെഡ് വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടത്.

ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍ ടാറ്റ മോട്ടോര്‍സ് ചെന്നൈ, ഡല്‍ഹി, മുംബൈ, ബെംഗ്ലൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളില്‍ പുതിയ സഫാരി പ്രദര്‍ശിപ്പിക്കും. പങ്കാളിത്തത്തിന്റെ ഭാഗമായി പോയ വര്‍ഷം പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രേസ് ആയിരുന്നു കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് 2021 സഫാരിക്ക് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 170 bhp പരമാവധി കരുത്ത് സൃഷ്ടിക്കുകയും ഒപ്പം 350 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് നാളിതുവരെ 5,000-ല്‍ അധികം ബുക്കിംഗ് ലഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റുചെയ്ത കാര്‍-ടെക്, ആറ് രീതിയില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ജെബിഎല്ലില്‍ നിന്നുള്ള പ്രീമിയം 9-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് ഡിസ്‌പ്ലേ, ഒരു ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ഡ്രൈവ് മോഡുകള്‍, പനോരമിക് സണ്‍റൂഫ്, സെനോണ്‍ HID പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്നിവ സവിശേഷതകളാണ്.

XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് പതിപ്പുകളിലും രണ്ട് സീറ്റിംഗ് ലേ ഔട്ടിലുമാകും വാഹനം വിപണിയില്‍ എത്തുന്നത്. ഹാരിയര്‍ അഞ്ച് സീറ്റ് എസ്യുവിയെ അടിസ്ഥാനമാക്കിയാണ് പുതിയ സഫാരി വരുന്നത്, സമാനമായ സ്റ്റൈലിംഗും ഇതിലുണ്ട്.

 

Top