കൂടത്തായി കൊലപാതക പരമ്പര തെളിയിച്ച പോലീസുകാര്‍ക്ക് അഭിനന്ദനവുമായി ഡി.ജി.പി

തിരുവനന്തപുരം : കൂടത്തായി കൊലപാതക പരമ്പര തെളിയിച്ച പോലീസുകാര്‍ക്ക് അഭിനന്ദനവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറ.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദുരൂഹമായ കൊലപാതകങ്ങളാണ് കേരളാ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായി ഇന്ന് ചുരുളഴിഞ്ഞത്. സാഹചര്യ തെളിവുകളും ശാസ്ത്രീയ മികവും മാത്രം കൈമുതലാക്കി മികച്ച ബുദ്ധി വൈഭവത്തിന്റെ അകമ്പടിയോടെ കേരളാ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഈ ഹീന കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയിലായത്.

ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ കേസ് തെളിയിക്കുന്നതിനായി പ്രയത്‌നിച്ച കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ്, കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ് പി സുബ്രഹ്മണ്യന്‍ റ്റി.കെ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസന്‍.ആര്‍ എന്നിവരെയും അവരോടൊപ്പം പ്രവര്‍ത്തിച്ച മറ്റു പോലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരെയും ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്ന് ഡി.ജി.പി പറഞ്ഞു.

കുറ്റാന്വേഷണ മികവില്‍ കേരളാ പോലീസ് മറ്റേതൊരു സേനയുടെയും പിന്നിലല്ലെന്ന് ഈ സംഭവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. അന്വേഷണത്തില്‍ ഭാഗഭാക്കായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേരളാ പോലീസിന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങങ്ങളും നേരുന്നതായും ഡി.ജി.പി വ്യക്തമാക്കി.

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പൊലീസ് നടത്തിയ പ്രയത്നം അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ പൊലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. കേസന്വേഷണത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Top