ടാറ്റൂ വില്ലനായപ്പോള്‍ നഷ്ടമായത് ജോലി; എയര്‍ഫോഴ്‌സിനെ അംഗീകരിച്ച് കോടതിയും

airforce

ന്യൂഡല്‍ഹി: ടാറ്റുകള്‍ എയര്‍ഫോഴ്‌സിലെ ജോലിക്ക് വില്ലനാകുന്നു. ടാറ്റു പതിച്ച ഉദ്യോഗാര്‍ഥികളെ പരിഗണിക്കേണ്ടെന്നാണ് എയര്‍ ഫോഴ്‌സ് അധികൃതരുടെ തീരുമാനം. എയര്‍ഫോഴ്‌സിന്റെ തീരുമാനത്തെ ഡല്‍ഹി ഹൈക്കോടതിയും അംഗീകരിച്ചു.

ടാറ്റുവിന്റെ പേരില്‍ എയര്‍ഫോഴ്‌സില്‍ ജോലി നിഷേധിച്ച ഉദ്യോഗാര്‍ഥിയുടെ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. ജസ്റ്റിസ് കോഹ്‌ലി, രേഖ പാലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശരീരത്തില്‍ പതിച്ചിരുന്ന ടാറ്റൂ എയര്‍ ഫോഴ്‌സ് അംഗീകരിച്ച തരത്തിലുള്ളതാണോയെന്ന് പരിശോധിച്ചതിനു ശേഷമാണ് കോടതി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.

എന്നാല്‍, ചില ടാറ്റൂകള്‍ എയര്‍ഫോഴ്‌സില്‍ അനുവദിച്ചിരുന്നു. ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പട്ടുള്ള മതപരമായ അടയാളങ്ങളോ, ചിത്രങ്ങളോ സംബന്ധിച്ച ടാറ്റുകളാണ് അധികൃതര്‍ നേരത്തെ അംഗീകരിച്ചത്. കൈപ്പത്തിയുടെ ഉള്‍ഭാഗത്തും, പുറം ഭാഗത്തും ഗോത്ര സമൂഹത്തിന്റെ ആചാരപരമായ ടാറ്റുകള്‍ അനുവദിച്ചിരുന്നു. എന്നിരുന്നാലും അവസാന തീരുമാനം സെലക്ഷന്‍ കമ്മറ്റിയുടേതാണെന്നും ഐ.എ.എഫിന്റെ നിബന്ധനയില്‍ ഉണ്ട്.

അതേസമയം, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നിര്‍ദ്ദേങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അപേക്ഷയോടൊപ്പം തന്റെ ടാറ്റു പതിച്ച ഫോട്ടോഗ്രാഫ് സമര്‍പ്പിക്കുന്നതിലും ഇയാള്‍ പരാജയപ്പെട്ടിരുന്നു. ജോലി നിഷേധിച്ചതു മൂലം സായുധ സേനയുടെ നടപടിയെ ചോദ്യം ചെയ്ത് യുവാവ് പരാതി നല്‍കിയിരുന്നു. ശരീരത്തില്‍ ടാറ്റു പതിച്ചതാണെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും, അതിന് ശേഷമാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചതെന്നും, പിന്നെ എന്തിന് അഭിമുഖം നടത്തിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.

എന്നാല്‍ എയര്‍ഫോഴ്‌സിന്റെ നിബന്ധനയില്‍ പറഞ്ഞ രീതിയലുള്ള ടാറ്റുവല്ല യുവാവിന്റെ ശരീരത്തിലെന്ന് വ്യക്തമായത് കൊണ്ടാണ് ജോലി നിഷേധിച്ചതെന്ന് എയര്‍ഫോഴ്‌സ് അറിയിച്ചിരുന്നു. 2017 ഡിസംബറിലാണ് ഇയാളുടെ അപേക്ഷ നിരസിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

2016 സെപ്തംബറിലാണ് എയര്‍മാന്‍ പോസ്റ്റിലേക്ക് യുവാവ് അപേക്ഷ അയച്ചത്. തുടര്‍ന്ന് എഴുത്തു പരീക്ഷയും, ശാരീരിക പരിശോധനയും നടന്നു. ഫെബ്രുവരി 2017-ലാണ് ശാരീരിക പരിശോധന നടന്നത്. തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായിരുന്നു.

ശേഷം, കഴിഞ്ഞ നവംബറിലാണ് ഇയാള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് വന്നത്. 2017 ഡിസംബര്‍ 24-നാണ് അഭിമുഖത്തിനായി വിളിപ്പിച്ചത്. ഇന്റര്‍വ്യൂ കഴിഞ്ഞതിനു ശേഷം, അടുത്ത ദിവസമാണ് യുവാവിന്റെ എന്റോള്‍മെന്റ് നിഷേധിച്ചതായി കത്ത് ലഭിച്ചത്. ശരീരത്തില്‍ സ്ഥിരമായ ടാറ്റൂവുണ്ടെന്നും, അത് തങ്ങളുടെ നിബന്ധനകളില്‍ ഉള്‍പ്പെടുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എയര്‍ഫോഴ്‌സ് കത്ത് നല്‍കിയത്.

Top